ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു, അശ്ലീല വീഡിയോക്ക് ലൈക്കടിച്ചു; പൊറുതി മുട്ടി വഖാര്‍
ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് അശ്ലീല വീഡിയോ ലൈക്ക് ചെയ്ത വഖാറിനെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി താരം രംഗത്തെത്തിയത്

ഇസ്ലാമാബാദ്: തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ആരോ ഒരു അശ്ലീല വീഡിയോ ക്ലിപ്പിന് ലൈക്കടിച്ചതായി മുന്‍ പാകിസ്താന്‍ താരം വഖാര്‍ യൂനിസ്.
ഇതോടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെല്ലാം നീക്കം ചെയ്യുകയാണെന്നും ഇനി തന്നെ സോഷ്യല്‍ മീഡിയയില്‍ കാണാനാകില്ലെന്നും വെള്ളിയാഴ്ച രാവിലെ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ വഖാര്‍ പറഞ്ഞു.
ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് അശ്ലീല വീഡിയോ ലൈക്ക് ചെയ്ത വഖാറിനെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി താരം രംഗത്തെത്തിയത്. അത് ആദ്യമായല്ല തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതെന്നും വഖാര്‍ പറഞ്ഞു.
''ഇത് വലിയ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. എനിക്കും എന്റെ കുടുംബത്തിനും വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്നതും. ആളുകളുമായി സംവദിക്കുന്നതിനാണ് ഞാന്‍ സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ മനുഷ്യന്‍ എല്ലാം നശിപ്പിച്ചു. ആദ്യമായല്ല ഹാക്കര്‍മാര്‍ ഇങ്ങനെ ചെയ്യുന്നത്. ഇതിനു മുമ്പ് മൂന്നു തവണ എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ട്. ഇയാളിത് നിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ ഞാന്‍ ഒരു കാര്യം തീരുമാനിച്ചു. നാളെ മുതല്‍ ഞാന്‍ സോഷ്യല്‍ മീഡിയയിലേക്കില്ല. ഞാന്‍ എന്റെ കുടുംബത്തെ കൂടുതല്‍ സ്‌നേഹിക്കുന്നു. ഇനിമുതല്‍ നിങ്ങള്‍ എന്നെ സോഷ്യല്‍ മീഡിയയില്‍ കാണില്ല'', വഖാര്‍ പറഞ്ഞു.
Content Highlights: Someone hacked my Twitter account, liked obscene video Waqar Younis