ഫെയ്സ്ബുക്ക് പോസ്റ്റുകൾ മുക്കി; ഒന്നും മിണ്ടാതെ ബെവ്ക്യൂ നിർമാതാക്കൾ
കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും ബെവ്ക്യൂ ആപ്പ് കൃത്യമായി പ്രവർത്തിക്കാത്ത പശ്ചാത്തലത്തിൽ മറുപടിയില്ലാതെ ആപ്പ് നിർമാതാക്കൾ.ആപ്പ് നിർമിച്ച ഫെയർകോഡ് കമ്പനിയുടെ കൊച്ചി ഇളംകുളത്തെ ഓഫീസ് അകത്തുനിന്ന് പൂട്ടിയ നിലയിലാണ്. ഫോൺ കോളുകളോട് ഉടമകൾ പ്രതികരിക്കുന്നില്ല. ഔദ്യോഗിക നമ്പറിലും പ്രതികരണമില്ല. അതേസമയം, ബെവ്ക്യൂ ആപ്പ് സംബന്ധിച്ച് കമ്പനിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ട്.
മദ്യവിതരണത്തിനായി സർക്കാർ പ്രഖ്യാപനം വന്നിട്ടും വിർച്വൽ ക്യൂവിനായുള്ള ആപ്പ് വൈകുന്നതിനെതിരേ വലിയ വിമർശനമുയർന്നിരുന്നു. ഇത്തരമൊരു ആപ്പ് നിർമിക്കാൻ കഴിവുള്ളവരെയല്ല സർക്കാർ ദൗത്യമേൽപിച്ചതെന്നും കമ്പനി തിരഞ്ഞെടുത്തതിൽ സ്വജനപക്ഷപാതമുണ്ടെന്നും പ്രതിപക്ഷ ആരോപണവുമുണ്ടായി.
ഗൂഗിൾ അംഗീകാരം ലഭിച്ച് കഴിഞ്ഞ ദിവസം ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായെങ്കിലും ഇത് കൃത്യമായി പ്രവർത്തിക്കാത്തത് വീണ്ടും വിവാദമായി. ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനും ഒടിപി ലഭിക്കുന്നതിനുമുൾപ്പെടെ തടസം നേരിട്ടു. സാങ്കേതിക പ്രശ്നങ്ങൾ രണ്ടാം ദിനം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആപ്പ് ഇപ്പോഴും പഴയപടി തുടരുകയാണ്.
ആപ്പ് പരാജയപ്പെട്ടതോടെ പലയിടങ്ങളിലും ടോക്കണില്ലാതെ തന്നെ മദ്യം നൽകുന്ന സാഹചര്യമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആപ്പ് നിർമാതാക്കൾ പ്രതികരണങ്ങളൊന്നുമില്ലാതെ മുങ്ങിയിരിക്കുന്നത്.
കമ്പനിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ കമന്റുകൾക്ക് മറുപടി നൽകിയിരുന്നെങ്കിലും ബേവ്ക്യൂ ആപ്പ് സംബന്ധിച്ച പോസ്റ്റുകളൊക്കെ ഇപ്പോൾ പേജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, നിലവിലുള്ള പോസ്റ്റുകൾക്ക് കീഴിൽ രൂക്ഷ വിമർശനമാണ് ഉപഭോക്താക്കൾ ഉന്നയിക്കുന്നത്.
content highlights: bevq,fare code