ജേക്കബ് തോമസിന് തിരിച്ചടി: അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഡിജിപി ജേക്കബ് തോമസിന് തിരിച്ചടി. വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നാളെ സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കെയാണ് കേസില്‍ ജേക്കബ് തോമസിന് കോടതിയില്‍നിന്ന് തിരിച്ചടിയുണ്ടായത്.
തമിഴ്‌നാട് രാജപാളയത്ത് 50.33 ഏക്കറോളം ഭൂമി ബിനാമി പേരില്‍ വാങ്ങിയതിന് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കെ കേസ് തത്കാലം സ്റ്റേ ചെയ്യണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നീരീക്ഷിച്ച കോടതി ജേക്കബ് തോമസിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല.
19 വര്‍ഷം മുമ്പാണ് 33 പേരില്‍ നിന്നായി 50.33 ഏക്കര്‍ ഭൂമി ജേക്കബ് തോമസ് വാങ്ങിയത്. എന്നാല്‍ ഇസ്രേയലിലെ കൃഷിരീതി പരിചയപ്പെടുത്തുന്നതിനായി ഇന്‍ഫ്രാ അഗ്രോ ടെക്‌നോളജി എന്ന കമ്പനിക്ക് വേണ്ടിയാണ് സ്ഥലം വാങ്ങിയതെന്നും ചില നിയമപരമായ വ്യവസ്ഥകള്‍ കൂടി കണക്കിലെടുത്താണ് തന്റെയും ഭാര്യയുടെയും പേരില്‍ ഈ ഭൂമി വാങ്ങിയതെന്നുമാണ് ജേക്കബ് തോമസിന്റെ വാദം. എന്നാല്‍ 19 വര്‍ഷം കഴിഞ്ഞിട്ടും ജേക്കബ് തോമസിന്റെ പേരില്‍തന്നെയാണ് ഈ ഭൂമിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
തുടര്‍ന്ന് തല്‍സ്ഥിതി റിപ്പോര്‍ട്ടടക്കം ഒരുമാസത്തിനകം സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് കോടതി നിര്‍ദേശിച്ചു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുക.
content highlights: Jacob Thomas, illegal land acquisition case against DGP Jacob Thomas, High Court Order