ലോക്ക്ഡൗണ്‍ 15 ദിവസംകൂടി നീട്ടണമെന്ന് ഗോവ; സംസ്ഥാന അതിര്‍ത്തികള്‍ തുറക്കരുതെന്ന് ഛത്തീസ്ഗഢ്

https://www.mathrubhumi.com/polopoly_fs/1.4730354.1588413385!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ലോക്ക്ഡൗണ്‍ 15 ദിവസം കൂടി ദീര്‍ഘിപ്പിക്കണമെന്ന് താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് എല്ലാ മുഖ്യമന്ത്രിമാരുടെയും അഭിപ്രായം കഴിഞ്ഞ ദിവസം അമിത് ഷാ ആരാഞ്ഞിരുന്നു.

കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്ന് പ്രമോദ് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു. റെസ്‌റ്റോറന്റുകള്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് 50 ശതമാനം ആള്‍ക്കാരെ പ്രവേശിപ്പിച്ച്‌ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും ജിമ്മുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികള്‍ തുറക്കാന്‍ അനുവദിക്കരുതെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തീവണ്ടി, വിമാന സര്‍വീസുകള്‍ സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി മാര്‍ച്ച് 24ന് പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണ്‍ നാലു ഘട്ടങ്ങളിലായി ദീര്‍ഘിപ്പിച്ചിരുന്നു. നിലവില്‍ മേയ് 31 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞത്.

Content Highlights: Lockdown, Covid 19- Goa CM pitches for Lockdown 5.0, wants restaurants opened