ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം; ഇന്ത്യക്ക് പിന്നാലെ ട്രംപിന്റെ വാഗ്ദാനം നിരസിച്ച് ചൈനയും
ബെയ്ജിങ്: അതിര്‍ത്തി തര്‍ക്കങ്ങളില്‍ പിരിമുറുക്കം തുടരുന്നതിനിടെ ഇന്ത്യ-ചൈന വിഷയത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം നിരസിച്ച് ചൈനയും രംഗത്തെത്തി. ചര്‍ച്ചയിലൂടെയും കൂടിയാലോചനകളിലൂടെയും പ്രശ്നങ്ങള്‍ ശരിയായി പരിഹരിക്കാന്‍ ചൈനയ്ക്കും ഇന്ത്യയ്ക്കും കഴിയുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സൈനിക പ്രശ്‌നം പരിഹരിക്കുന്നതിന് മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനങ്ങളും ആശയവിനിമയ മാര്‍ഗങ്ങളും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ചര്‍ച്ചയിലൂടെയും കൂടിയാലോചനകളിലൂടെയും ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ശരിയായി പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ട്. മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല.'- ഷാവോ ലിജിയാന്‍ പറഞ്ഞു.
നേരത്തെ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഇതു തള്ളി ഇന്ത്യയും രംഗത്തെത്തിയിരുന്നു. നിയന്ത്രണരേഖയില്‍ നിലവിലെ സ്ഥിതി സമാധാനപരമായി പരിഹരിക്കാന്‍ ചൈനയുമായി ബന്ധപ്പെട്ട് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞിരുന്നു. ന്യൂഡല്‍ഹിയും ബീജിംഗും നയതന്ത്രതലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: China Rejects Trump's Mediation Offer On Border Tension With India