'കിംസ് ആശുപത്രിയില്‍ നടന്ന മരണത്തില്‍ അസ്വാഭാവികതയില്ല'; പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് അധികൃതര്‍
by ന്യൂസ് ഡെസ്ക്തിരുവനന്തപുരം: കിംസ് ആശുപത്രിയില്‍ 42 കാരനായ രോഗിയുടെ അപ്രതീക്ഷിത മരണത്തില്‍ ആശുപത്രിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് അധികൃതര്‍. രോഗിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും വീട്ടുകാരുടെ നിര്‍ദേശപ്രകാരമാണ് ശസ്ത്രക്രിയ നടത്തിയതെന്നും ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രോഗിയുടെ വാരിയെല്ലിന് ക്ഷതമുണ്ടെന്ന് കണ്ടെത്തിയതാണ് ആശുപത്രിക്കെതിരെ പ്രതിഷേധമുയരാന്‍ കാരണമായത്. സാമൂഹ്യ മാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ചികിത്സക്കിടെ രോഗിക്ക് ഹൃദയസ്തംഭനമുണ്ടായപ്പോള്‍ ഹൃദയ-ശ്വാസകോശ പുനരുജ്ജീവന ക്രിയ അഥവാ സി.പി.ആര്‍ നല്‍കിയപ്പോള്‍ വാരിയെല്ലിന് ക്ഷതം സംഭവിച്ചതാണെന്നാണ് ആശുപത്രിയുടെ വിശദീകരണത്തില്‍ പറയുന്നത്.
രോഗികള്‍ക്ക് ഹൃദയ സ്തംഭനമുണ്ടാകുമ്പോള്‍ സി.പി.ആര്‍ നല്‍കുന്ന ഘട്ടത്തില്‍ നെഞ്ചില്‍ അമര്‍ത്തുന്നത് വാരിയെല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ക്ഷതങ്ങളെക്കാള്‍ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ പറയുന്നു.
2019ലാണ് ഇരു വൃക്കകളിലുമുള്ള കല്ലുകളുടെ ചികിത്സയ്ക്കായി രോഗി കിംസില്‍ ചികിത്സക്കെത്തുന്നത്. അവ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി ഉള്ള ചികിത്സാ ക്രമം ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ജനുവരി അവസാനവാരത്തില്‍ രോഗി സ്റ്റെന്‍ഡിംഗിന് വിധേയമായിരുന്നു.
ഫെബ്രുവരി 11ന് രോഗിയുടെ ഇടതു വൃക്കയിലെ കല്ലുകള്‍ മുഴുവന്‍ നീക്കം ചെയ്തു. വലത് വൃക്കയിലെ 80 ശതമാനം കല്ലുകളും നീക്കം ചെയ്തു. തുടര്‍ന്നുള്ള കല്ലുകള്‍ മാറുവാന്‍ ഡോക്ടര്‍ രണ്ടാഴ്ചത്തെ മെഡിക്കല്‍ മാനേജ്‌മെന്റ്‌നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രോഗിക്ക് ഉടന്‍ ജോലിയില്‍ കയറേണ്ടിയിരുന്നതിനാല്‍ രോഗിയും കുടുംബവും ആവശ്യപ്പെട്ടതു പ്രകാരമാണ് കല്ലു നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ചെയ്തത്.
ശസ്ത്രക്രിയയുടെ ഭാഗമായി നടത്തേണ്ട എല്ലാ നിര്‍ബന്ധിത പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് രോഗിയെ ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ശസ്ത്രക്രിയക്കിടെ രോഗിക്ക് ഹൃദയസ്തംഭനമുണ്ടാവുകയും രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സിപിആര്‍ നല്‍കിയെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ രോഗിയുടെ നില വഷളായതിനെ തുടര്‍ന്ന് രാത്രിയോടെ രോഗി മരിക്കുകയായിരുന്നു.
മരിച്ചയാളുടെ വീട്ടുകാരുമായി ആശുപത്രി അധികൃതര്‍ വിശദമായി സംസാരിച്ചിരുന്നെന്നും നിലവില്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ച് വരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ചികിത്സയില്‍ എന്തെങ്കിലും പിഴവ് ഉള്ളതായി ഒരു അധികാരസ്ഥാനത്തില്‍ നിന്നും ഇത് വരെയും ഒരു തീര്‍പ്പും ഉണ്ടായിട്ടില്ല. അന്വേഷണത്തില്‍ ഉള്ള ഒരു മെഡിക്കല്‍ വിഷയത്തില്‍ ആളുകള്‍ക്ക് ഇടയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് സ്ഥാപനത്തിന്റെ സല്‍പ്പേര് മനഃപൂര്‍വം കളങ്കപ്പെടുത്താന്‍ ആണെന്നും കിംസ് അധികൃതര്‍ ആരോപിച്ചു .
തെറ്റായ പ്രചാരങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായി അറിയിച്ച കിംസ് അധികാരികള്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം.