ബവ്‌ക്യൂ തൽക്കാലം തുടരും; സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദേശം
by മനോരമ ലേഖകൻതിരുവനന്തപുരം∙ മദ്യവിൽപ്പനയ്ക്കുള്ള ബവ്‌ക്യൂ ആപ് തൽക്കാലം തുടരാൻ തീരുമാനം. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ സർക്കാർ നിർദേശം നൽകി. ആപ് നിർമാതാക്കൾക്കു സ്റ്റാർട്ടപ്പ് കമ്പനിയാണെന്ന പരിഗണനയാണ് നൽകിയതെന്നാണ് വിശദീകരണം. തുടർക്രമീകരണങ്ങൾ ബവ്‌കോ എംഡി അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. ബവ്ക്യൂ ആപ്പിന്റെ പ്രവർത്തനങ്ങൾ പൂർണമായും താറുമാറായതിനു പിന്നാലെയാണ് മന്ത്രി യോഗം വിളിച്ചത്.
ആപ്പിന്റെ പ്രവർത്തനത്തിൽ തുടർച്ചയായി പിഴവു വരുന്നതിൽ ബവ്കോ അധികൃതർ അതൃപ്തി അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് കമ്പനിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിമർശനം ഉണ്ടായത്. സമൂഹമാധ്യമങ്ങളിൽ വിമർശനം ഉണ്ടായതിനെത്തുടർന്ന് ആപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഫെയർകോഡ് കമ്പനി ഫെയ്സ്ബുക്ക് പേജിൽനിന്നു പിൻവലിച്ചു.
മദ്യവിതരണത്തിന്റെ ആദ്യദിവസം പ്രതീക്ഷിച്ചത്ര വരുമാനം ബവ്കോയ്ക്ക് ലഭിച്ചിട്ടില്ല. ബുക്കിങ്ങിനായി എത്തിയവരിൽ മിക്കയാളുകൾക്കും ഇ–ടോക്കൺ ലഭിക്കാത്തതിനാലാണ് കച്ചവടം കുറച്ചത്. വരും ദിവസങ്ങളിലും ഈ അവസ്ഥ തുടർന്നാൽ ബവ്കോയുടെ വരുമാനത്തിന്റെ സിംഹഭാഗവും നഷ്ടമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഉപഭോക്താക്കളുടെ ഇ–ടോക്കണ്‍ പരിശോധിക്കാൻ ബവ്കോ ഉദ്യോഗസ്ഥർക്ക് നൽകിയ ആപ്പിനും നിലവാരമില്ലെന്ന് ആക്ഷേപമുണ്ട്. പല ഷോപ്പുകളിലും ആപ് പ്രവർത്തിക്കാത്തതിനാൽ ഇ–ടോക്കൺ റജിസ്റ്ററിൽ രേഖപ്പെടുത്തി മദ്യം നൽകുകയാണ്. സോഫ്റ്റ്‌വെയറിലെ തകരാറുകളാണ് ഒടിപി ലഭിക്കാൻ വൈകുന്നതിനു കാരണം. പലർക്കും 5 മിനിട്ടു വരെ സമയം എടുത്താണ് ഒടിപി ലഭിക്കുന്നത്.
ഒടിപി അയച്ചാലും റജിസ്ട്രേഷനിൽ തടസം നേരിടുന്നു. സന്ദേശം ലഭിക്കാത്തത് മൊബൈൽ കമ്പനികളുടെ ഭാഗത്തെ പ്രശ്നമാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തിരക്ക് മുന്നിൽ കണ്ട് പ്രവർത്തനം നടത്താൻ ആപ്പ് നിർമിച്ച കമ്പനിക്ക് കഴിയാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
English Summary : Excise Ministry meets higher officials to discuss on BEV Q App