https://img.manoramanews.com/content/dam/mm/mnews/news/india/images/2020/5/29/covid-flight-jharkhand.jpg

തൊഴിലാളികൾ പറന്നിറങ്ങി; ചാര്‍ട്ടേര്‍ഡ് വിമാനമയച്ച് ജാർഖണ്ഡ്; രാജ്യത്താദ്യം

by

കോവിഡ് പ്രതിസന്ധിയിൽ രാജ്യം വിറങ്ങലിക്കുമ്പോൾ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അനുമതി കാത്തിരിക്കുകയാണ് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾ. എന്നാൽ ഇതിൽ ജാര്‍ഖണ്ഡ് മോഡൽ മറ്റ് സംസ്ഥാനങ്ങളെ അമ്പരപ്പിക്കുന്നതാണ്.  മുംബൈയിൽ കുടുങ്ങിയ 180 അതിഥി തൊഴിലാളികളെ തിരികെ ജാർഖണ്ഡിൽ എത്തിക്കാൻ ജെ.എം.എം– കോണ്‍ഗ്രസ് സഖ്യ സർക്കാർ ഒരുക്കിയത് പ്രത്യേക വിമാനം. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നത്.

എയർ ഏഷ്യയുടെ പ്രത്യേക വിമാനത്തിൽ മുംബൈയിൽ കുടുങ്ങിയ സാധാരണക്കാരായ 180 അതിഥി തൊഴിലാളികളെയാണ് സർക്കാർ റാഞ്ചിയിലെത്തിച്ചത്. ഇന്നലെ രാവിലെ വിമാനം ബിർസ മുണ്ട വിമാനത്താവളത്തിൽ ഇറങ്ങി. കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘത്തിലെ ഭൂരിഭാഗം പേരും ആദ്യമായി വിമാനത്തിൽ കയറുന്നവരായിരുന്നു.

നാഷണൽ ലോ സ്കൂളിലെ ബിരുദ വിദ്യാർഥികളുടെ കൂട്ടായ്മ കൂടി ഇൗ പ്രവർത്തനത്തിന് പിന്നിലുണ്ട്. അതിഥി തൊഴിലാളികളെ തിരികെ എത്തിക്കാൻ 11 ലക്ഷം രൂപ ഇവർ സമാഹരിച്ച് സർക്കാരിന് നൽകിയിരുന്നു. മാനുഷിക മൂല്യങ്ങൾ ഉയർത്തുന്ന ഇത്തരം നടപടികളെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍  അഭിനന്ദിച്ചു. 

വിമാനത്താവളത്തിൽ എത്തിയ ഇവരെ കോവിഡ് പരിശോധനകൾക്ക് ശേഷം പ്രത്യേക ബസുകളിൽ അവരുടെ ജില്ലകളിലേക്ക് എത്തിച്ചു.