സംസ്ഥാനത്ത് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത് 62 പേര്‍ക്ക്
by kvartha preതിരുവനന്തപുരം: (www.kvartha.com 29.05.2020) സംസ്ഥാനത്ത് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത് 62 പേര്‍ക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞദിവസം 84 പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഇത്രയും പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്.
33 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 23 പേർക്ക് രോഗബാധയുണ്ടായി. തമിഴ്നാട് 10, മഹാരാഷ്ട്ര 10, കർണാടക, ഡൽഹി, പഞ്ചാബ് 1 വീതം. സമ്പർക്കത്തിലൂടെ ഒരാൾക്കും രോഗമുണ്ടായി. ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമേ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂവിലെ 2 പേർക്കും രോഗം വന്നു.
വെള്ളിയാഴ്ച പോസിറ്റീവ് ആയ ആളുകൾ പാലക്കാട് 14, കണ്ണൂർ 7, തൃശൂർ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസർകോട് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 2, കൊല്ലം 2, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം. പത്തുപേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. വയനാട് 5, കോഴിക്കോട് 2, കണ്ണൂർ, മലപ്പുറം, കാസർകോട് 1 വീതം. രോഗം സ്ഥിരീകരിച്ച് കോട്ടയത്ത് ചികിൽസയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി മരിച്ചു.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1150 ആയി. 577 പേര്‍ ചികിൽസയിലുണ്ട്. ഇന്ന് 231 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 62746 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 60448 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
എം.പി.വീരേന്ദ്രകുമാറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയാണു മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. രാഷ്ട്രീയമായി സോഷ്യലിസ്റ്റ് പക്ഷത്ത് എന്നും നിൽക്കാൻ നിഷ്കർഷ കാട്ടിയിട്ടുള്ള നേതാവാണ് അദ്ദേഹം. സാമ്രാജ്യത്വത്തിനും വർഗീയതയ്ക്കും എതിരായ നിലപാടുകളിൽ അദ്ദേഹം അചഞ്ചലമായ നില കൈകൊണ്ടു.
ഇതില്‍ വിട്ടുവീഴ്ച ചെയ്താൽ കിട്ടുമായിരുന്ന സ്ഥാനങ്ങൾ വേണ്ടെന്നു വച്ചു. സോഷ്യലിസ്റ്റ് പാരമ്പര്യം അച്ഛനിൽനിന്നും ലഭിച്ചതാണ്. മാധ്യമ, സാഹിത്യ രംഗങ്ങളിൽ അടക്കം പല മേഖലകളിലും വെളിച്ചം വീശിയ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഗാട്ടും കാണാച്ചരടും പോലുള്ള കൃതികളിലൂടെ സാമ്രാജ്യത്വത്തിന്റെ അധിനിവേശ നീക്കങ്ങളെ അദ്ദേഹം തുറന്നുകാട്ടി.
ഇതുവരെ സെന്റിനൽ സര്‍വൈലൻസിന്റെ ഭാഗമായി 11468 സാംപിളുകൾ ശേഖരിച്ചു. അതിൽ 10635 നെഗറ്റീവാണ്. ആകെ 101 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. പുതുതായി 22 എണ്ണം. തിരുവനന്തപുരം നെയ്യാറ്റിൻകര സ്പെഷൻ സബ് ജയിലിൽ 2 പേർക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂർ സബ് ജയിലിലും റിമാൻഡ് പ്രതിക്കു രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്ന് ഇടങ്ങളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ജയിലിലും വീട്ടിലുമായി നിരീക്ഷണത്തിലാണ്.
പ്രതികൾ കഴിഞ്ഞ ബ്ലോക്കിലെ മറ്റ് തടവുകാരെയും നിരീക്ഷിക്കുന്നുണ്ട്. തടവുകാരെ പ്രവേശിപ്പിച്ച് നിരീക്ഷിക്കാൻ ഓരോ ജില്ലയിലും ഓരോ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ആരോഗ്യ വകുപ്പ് നിശ്ചയിച്ച് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളിൽ പുതുതായി തിരഞ്ഞെടുക്കുന്ന തടവുകാരെ സുരക്ഷാ സംവിധാനങ്ങളോടെ ഏറ്റെടുക്കുന്നതിന് ജയിൽ ജീവനക്കാരെ ചുമതലപ്പെടുത്തി.
പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിൽ സംസ്ഥാനത്ത് ഇപ്പോൾ വല്ലാതെ ആശങ്ക വേണ്ട. ലോക്ഡൗൺ ഇളവുവരുമ്പോൾ അതു പ്രതീക്ഷിച്ചതാണ്. കോവിഡ് മാനേജ്മെന്റിന് മാത്രമായി മെഡിക്കൽ സർവീസ് കോർപറേഷൻ മുഖേന ഇതുവരെ 620 കോടി 71 ലക്ഷം രൂപ ലഭ്യമാക്കി. അതില്‍ 227 കോടി 35 ലക്ഷം ചെലവാക്കി.
സംസ്ഥാനത്ത് ഇപ്പോൾ സർക്കാർ ആശുപത്രികളിൽ 12191 ഐസലേഷൻ ബെഡുകൾ സജ്ജമാണ്. അതിൽ ഇപ്പോൾ 1080 പേരാണ് ഉള്ളത്.
1296 സർക്കാർ ആശുപത്രികളിൽ 49702 കിടക്കകൾ, 1369 ഐസിയു, 1045 വെന്റിലേറ്റർ എന്നിവയുണ്ട്. സ്വകാര്യ മേഖലയിൽ 866 ആശുപത്രികളിലായി 81904 കിടക്കകളും 6059 ഐസിയു കിടക്കകളും 1578 വെന്റിലേറ്ററുകളും ഉണ്ട്.
851 കൊറോണ കെയർ സെന്ററുകളാണ് ഉള്ളത്. അതുകൊണ്ട് ഇപ്പോൾ രോഗികൾ വർധിക്കുന്നു എന്നതു കൊണ്ട് വല്ലാത പരിഭ്രമിക്കേണ്ട. ഇന്ന് സമ്പർക്കം വഴി ഒരാൾക്കാണ് രോഗം വന്നത്.
രോഗം ബാധിച്ചവരിൽനിന്ന് മറ്റാളുകളിലേക്ക് പടരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതിനാണ് ടെസ്റ്റുകൾ വർധിപ്പിക്കുന്നത്. ഐസിഎംആർ നിർദേശം അനുസരിച്ച് പരിശോധന വേണ്ടവരെയെല്ലാം കേരളത്തിൽ പരിശോധിക്കുന്നുണ്ട് പരിശോധന സംബന്ധിച്ച് കൃത്യമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. 100 ടെസ്റ്റിൽ 1.7 ആളുകൾക്കാണ് പോസിറ്റീവ് ആകുന്നത്. ടെസ്റ്റ് പോസിറ്റീവ് റേറ്റ് 1.7 ആണ്. രാജ്യത്ത് 5 ശതമാനം. കൊറിയയിലേതുപോലെ 2 ശതമാനത്തിൽ താഴെ ആകാനാണ് ലോകരാജ്യങ്ങൾ ശ്രമിക്കുന്നത്. കേരളം അതു കൈവരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കേസ് ഫെറ്റാലിറ്റി റേറ്റ് 0.5 ശതമാനമാണ്. സിഎഫ്ആറും ടിപിആറും ഉയർന്ന നിരക്കിൽ ആകുന്നതിന് അർഥം ആവശ്യത്തിന് പരിശോധന ഇല്ലെന്നാണ്. ഇവിടെ നേരെ മറിച്ചാണ്. മെച്ചപ്പെട്ട പ്രതിരോധ സംവിധാനം, കാര്യക്ഷമമായ കോൺടാക്ട് ട്രേസിങ്, ശാസ്ത്രീയമായ ക്വാറന്റീൻ എന്നിവയൊക്കെയാണ് ഈ നേട്ടത്തിന് ആധാരം.
ഇതുവരെ എല്ലായിനത്തിലുമായി 80091 ടെസ്റ്റുകൾ നടക്കി. പരിശോധന എണ്ണത്തിലും മുന്നേറി. 1 ദശലക്ഷത്തിന് 2335 എന്നതാണ് കണക്ക്. 71 ടെസ്റ്റ് നടത്തുമ്പോഴാണ് ഒരാളെ പോസിറ്റീവ് ആയി കണ്ടെത്തുന്നത്. രാജ്യത്തിന്റെ ശരാശരി നോക്കിയാൽ ഇത് 23ന് ഒന്ന് എന്ന നിലയിലാണ്.
ഇതുവരെയായി 133249 പ്രവാസികളാണ് തിരിച്ചെത്തിയത്. 73421 പേർ റെഡ് സോണുകളിൽനിന്നാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 116775 പേരും വിദേശത്തുനിന്നുള്ള 16477 പേരുമാണ് ഇങ്ങനെയെത്തിയത്. കോവിഡ് ആദ്യ കേസ് വന്ന് 100 ദിവസം പിന്നിട്ടപ്പോൾ നാം കോവിഡ് കർവ് ഫ്ലാറ്റൻ ചെയ്തു. 16 കേസുകളാണ് അന്ന് ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച 577 ആണ്. കഴിഞ്ഞദിവസം 84 കേസുകളുണ്ടായതിൽ സമ്പർക്കം വഴി രോഗം വന്നത് 5 പേർക്കാണ്. ഈ ആഴ്ചത്തെ കണക്കിൽ ഞായറാഴ്ച 53 കേസിൽ സമ്പർക്കം 5, തിങ്കളാഴ്ച 49ൽ ആറ്, ചൊവ്വ 67ൽ ഏഴ്, ബുധൻ 40ൽ 3, ഇന്ന് 62ൽ 1. അതായത് ഈ ആഴ്ച ഇതുവരെ വന്ന 355ൽ 27 ആണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
മേയ് 10 മുതൽ 23 വരെയുള്ള കണക്കിൽ 289 പുതിയ കേസുകളിൽ 38 ആണ് സമ്പർക്കം വഴി വന്നത്. മേയ് 10 മുതൽ ആകെയുള്ള 644 കേസിൽ 65 ആണ് സമ്പർക്കം വഴിയുള്ളത്. 10.09 ശതമാനം. ഇപ്പോഴുള്ള 577 ആക്ടീവ് കേസിൽ സമ്പർക്കം വഴി രോഗം വന്നത് 45 പേർക്കാണ്. സമൂഹ വ്യാപന സാധ്യത മനസ്സിലാക്കാൻ സെന്റിനൽ സർവൈലൻസ് നടത്താൻ ഓഗ്മെന്റഡ് ടെസ്റ്റ് നടത്തി. ഏപ്രിൽ 26ന് 3128 സാംപിളുകൾ പരിശോധിച്ചു. പുറമേ ഡോക്ടർ, നഴ്സ്, ആരോഗ്യ പ്രവര്‍ത്തകർ, പൊതുജനങ്ങളുമായി ഇടപെടുന്ന വിഭാഗങ്ങൾ എന്നിവരിൽനിന്നെല്ലാം സാംപിളുകൾ പരിശോധിക്കുന്നുണ്ട്.
സെന്റിനൽ സർവൈലൻസ് പരിശോധനയിൽ 4 പേർക്ക് രോഗം വന്നു. ഓഗ്മെന്റഡ് പരിശോധനയിലും നാലുപേരിൽ രോഗം കണ്ടെത്തി. തിരിച്ചെത്തിയ പ്രവാസികളുടെ സെന്റിനൽ സർവൈലൻസ് പൂൾഡ് പരിശോധയിൽ 29 പേർക്ക് ഫലം പോസിറ്റീവ് ആയി. ഈ കണക്കുകൾ വച്ച് നമ്മുടെ സംസ്ഥാനത്തു സമൂഹവ്യാപനം ഇല്ല എന്നു പറയാം. 28 ആരോഗ്യ പ്രവർത്തകർക്ക് പോസിറ്റീവ് ആയി. എല്ലാവരും കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Chief Minister Press Meet, Thiruvananthapuram, News, Chief Minister, Pinarayi vijayan, Press meet, Media, Health, Health & Fitness, Kerala.