ആലപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
by kvartha preആലപ്പുഴ: (www.kvartha.com 29.05.2020) ആലപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി (39) ആണ് മരിച്ചത്. അബൂദബിയില്‍ നിന്നുമെത്തിയ ഇയാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.
ഇയാള്‍ക്ക് കരള്‍ രോഗം ഗുരുതമായിരുന്നുവെന്നും സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചതായും അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രണ്ടരമണിയോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.
അതിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് ജോഷി മാത്യു (69) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ സംസ്ഥാനത്താകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി.
ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന ജോഷി മേയ് 11ന് ദുബൈ- കൊച്ചി വിമാനത്തിലാണ് നാട്ടിലെത്തിയത്. പത്തനംതിട്ടയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. മേയ് 16ന് സാംപിള്‍ ശേഖരിക്കുന്നതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മേയ് 18ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരമായ പ്രമേഹ രോഗവുമുണ്ടായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മേയ് 25ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 27 മുതല്‍ വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായി.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരവും സംസ്ഥാനതല വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചും ഏഴംഗ പ്രത്യേക മെഡിക്കല്‍ ബോര്‍ഡാണ് ചികിത്സാ മേല്‍നോട്ടം വഹിച്ചിരുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുപോകുന്നതിന് നടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ കലക്ടര്‍ പികെ സുധീര്‍ ബാബു അറിയിച്ചു.
Keywords: Youth who was under surveillance at Kovid in Alappuzha has died, Alappuzha, News, Health & Fitness, Health, Dead, Medical College, Hospital, Treatment, Kerala, Obituary.