ജഗന് തിരിച്ചടി; തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി

https://www.mathrubhumi.com/polopoly_fs/1.4156772.1569733979!/image/image.jpg_gen/derivatives/landscape_894_577/image.jpg
മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. ചിത്രം- പി.ടി.ഐ

ഹൈദരാബാദ്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയ വിഷയത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാറിന് തിരിച്ചടി. നിമ്മഗദ്ദ രമേശ് കുമാറിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി പുനര്‍നിയമിക്കാന്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് വി കനഗരാജുവിന്റെ നിയമനം ഹൈക്കോടതി തടഞ്ഞു. 

ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി അഞ്ചില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറച്ചുകൊണ്ടാണ്‌  ഓര്‍ഡിനന്‍സ് പാസാക്കിയത്. അതും കോടതി റദ്ദാക്കി. 

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ആറ് ആഴ്ചത്തേക്ക് മാറ്റിവച്ചതിനെ തുടര്‍ന്നാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിമ്മഗദ്ദ രമേശ് കുമാറിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. 

വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് എം. സത്യനാരിയ മൂര്‍ത്തി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ്‌ രമേശ് കുമാറിന് പകരം മദ്രാസ് ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കനഗരാജുവിനെ നിയമിച്ച ഉത്തരവ് റദ്ദാക്കിയത്. പുനര്‍നിയമന ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതുവരെ തുടരാമെന്നും കോടതി പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. 

ഓര്‍ഡിനന്‍സിനെയും പുതിയ കമ്മീഷണറെ നിയമിക്കുന്നതിനെയും ചോദ്യം ചെയ്ത് നിമ്മഗദ്ദ രമേശ് കുമാര്‍ നല്‍കിയ ഹരജികളിലാണ് കോടതിയുടെ വിധി.

Content Highlights: Setback For Jagan Reddy As Andhra High Court Overrules Top Poll Officer's Appointment