മലപ്പുറം താനൂരില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞു വീണ് രണ്ടു പേര്‍ മരിച്ചു

https://www.mathrubhumi.com/polopoly_fs/1.4792074.1590741270!/image/image.jpeg_gen/derivatives/landscape_894_577/image.jpeg

താനൂര്‍: മലപ്പുറം താനൂരില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞു വിണ് രണ്ടു പേര്‍ മരിച്ചു. താനൂര്‍ മുക്കോല സ്വദേശികളായ മേറില്‍ വേലായുധന്‍ (63), പെരുവലത്ത് അച്യുതന്‍ (60) എന്നിവരാണ് മരിച്ചത്‌. 

രാവിലെ 8.30-ന് മൂലക്കലിലെ ഒരു പുതിയ വീടിനോട് ചേര്‍ന്നുള്ള കിണര്‍ നിര്‍മിക്കുമ്പോഴാണ് അപകടം. മുകള്‍തട്ടിലുള്ള മണ്ണ് എല്ലാ ഭാഗത്തുനിന്നും ഇവരുടെ മേല്‍ പതിക്കുകയായിരുന്നു. ആറു പേരാണ് നിര്‍മ്മാണത്തിലുണ്ടായിരുന്നത്. വേലായുധനും അച്യുതനും ആ സമയത്ത് കിണറിനകത്തായിരുന്നു. 

https://www.mathrubhumi.com/polopoly_fs/1.4792075!/image/image.jpeg_gen/derivatives/landscape_607/image.jpeg

നിര്‍മാണം ഏകദേശം പൂര്‍ത്തിയായിരുന്നു. ആഴമേറെ ഉണ്ടായിരുന്ന കിണറിലേക്ക് ഇവര്‍ പണിയെടുത്തു കൊണ്ടിരിക്കെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കിണറിന് മുകളില്‍ നിന്നിരുന്ന നാലുപേര്‍ അപകടസമയത്ത് ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു. 

രക്ഷപ്പെട്ടവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവനോടെ രക്ഷിക്കാനായില്ല.
ആഴത്തിലുള്ള കിണര്‍ ആയതിനാല്‍ ഒട്ടേറെ സമയത്തെ രക്ഷാപ്രവര്‍ത്തനത്തിനു ശേഷം ഒരേ സമയം രണ്ടു ജെ.സി.ബികളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ചത്തനം നടന്നത്. 

തുടര്‍ന്ന് 12 മണിയോടെയാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഇവിട നല്ല മഴയുണ്ടായിരുന്നു. ഇതാകാം കിണര്‍ ഇടിയാന്‍ കാരണമെന്നാണ് കരുതുന്നത്. 

Content Highlights: Two persons died while constructing a well at Thanur, Malappuram