https://assets.doolnews.com/2020/05/ajith-dovel-fake-399x227.jpg

സുബ്രഹ്മണ്യ ക്ഷേത്രം പള്ളിയാക്കിയെന്ന് ആരോപിച്ച് കൊണ്ടോട്ടി മഖാമിന്റെ ചിത്രം ഷെയര്‍ ചെയ്ത് അജിത് ഡോവലിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജ്

by

മലപ്പുറം: സുബ്രഹ്മണ്യ ക്ഷേത്രം മലപ്പുറത്ത് പള്ളിയാക്കിയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡേവലിന്റെ പേരിലുള്ള വ്യാജ പേജില്‍ പ്രചാരണം. ഒരിക്കല്‍ ഇത് ഒരു സുബ്രഹ്മണ്യ ക്ഷേത്രമായിരുന്നു ഇപ്പോള്‍ പഴയങ്ങാടി മസ്ജിദ് ആയെന്നാണ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റിനടിയില്‍ വ്യാപകമായി വര്‍ഗീയ പ്രചരണങ്ങളും വ്യാജപ്രചരണങ്ങളും കമന്റുകളായി എത്തുന്നുണ്ട്. 1814ല്‍ അറേബ്യന്‍-പേര്‍ഷ്യന്‍ മാതൃകയില്‍ തന്റെ മുന്‍ഗാമിയുടെ സ്മരണാര്‍ത്ഥം ഇഷ്ത്വാഖ് ഷാ പണികഴിപ്പിച്ച കൊണ്ടോട്ടി മഖാമിന്റെ ചിത്രമാണ് ഈ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

പൂനയില്‍ നിന്നും മധുരയില്‍നിന്നും ശില്‍പികളെ എത്തിച്ചായിരുന്നു മഖാമിന്റെ നിര്‍മ്മാണം. ഇന്ത്യന്‍- പേര്‍ഷ്യന്‍ ശില്‍പ്പകലയും സംഗമിച്ച ‘ഇന്‍ഡോ സാരസന്‍ ശൈലി’യില്‍ ആണ് മഖാമിന്റെ ഖുബ്ബ’ (മകുടം) നിര്‍മിച്ചതെന്നതെന്നുമാണ് ചരിത്രം പറയുന്നത്.

അതേസമയം കമന്റില്‍ തിരുവനന്തപുരത്തെ പാളയം ജംങ്ഷനിലുള്ള ക്ഷേത്രത്തിനും പള്ളിക്കുമെതിരെയും വ്യാജ പ്രചരണം നടക്കുന്നുണ്ട്. ഈ ക്ഷേത്രം മലപ്പുറത്തെ തളി ക്ഷേത്രമാണെന്ന തരത്തിലാണ് അജിത് ഡോവലിന്റെ വ്യാജ പേജിലെ പോസ്റ്റിന് താഴെ കമന്റായി എത്തുന്നത്.

മിന്നല്‍ മുരളി സിനിമയുടെ കാലടി മണപ്പുറത്തെ പള്ളി സെറ്റ് പൊളിച്ചതിന് പിന്നാലെയാണ് ഇത്തരം പ്രചരണങ്ങള്‍ ശക്തമായത്.

സിനിമക്കായി നിര്‍മ്മിച്ച സെറ്റുകള്‍ പിന്നീട് ആരാധനാലയങ്ങളായി മാറിയിട്ടുണ്ടെന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയുടെ ഫേസ്ബുക്ക് പേജില്‍ തിരുവനന്തപുരം പാളയം സിദ്ധിവിനായക ക്ഷേത്രത്തിന്റെ സ്ഥലം കൈയ്യേറിയെന്ന് ആരോപണം വന്നിരുന്നു.

അമ്പലത്തിന് 92 സെന്റ് സ്ഥലമുണ്ടെന്നും ഇപ്പോള്‍ 7 സെന്റ് സ്ഥലം മാത്രമേ ഉള്ളുവെന്നുമായിരുന്നു ആരോപണം. കേരളത്തില്‍ നിരവധി ക്ഷേത്രങ്ങള്‍ പള്ളികളായി മാറിയിട്ടുണ്ടെന്നും ഈ പോസ്റ്റിനടിയില്‍ കമന്റുകള്‍ വരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക