പാക്കിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ മനഃപൂർവം തോറ്റെന്ന് പറഞ്ഞിട്ടില്ല: സ്റ്റോക്സ്
by മനോരമ ലേഖകൻലണ്ടൻ∙ കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്റെ സെമി സാധ്യതകൾ ഇല്ലാതാക്കുന്നതിന് ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനോട് മനഃപൂർവം തോറ്റുതന്നുവെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്. അടുത്തിടെ പുറത്തിറങ്ങിയ ‘ബെൻ സ്റ്റോക്സ് ഓൺ ഫയർ’ എന്ന തന്റെ പുസ്തകത്തിൽ പാക്കിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ മനഃപൂർവം തോറ്റുകൊടുത്തുവെന്ന് സ്റ്റോക്സ് എഴുതിയതായി പാക്കിസ്ഥാന്റെ മുൻ താരം സിക്കന്ദർ ഭക്ത് ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് ട്വിറ്ററിലൂടെത്തന്നെ നൽകിയ മറുപടിയിലാണ് സ്റ്റോക്സ് നിലപാട് വ്യക്തമാക്കിയത്.
‘2019 ലോകകപ്പിൽനിന്ന് പാക്കിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ ഇംഗ്ലണ്ടിനോട് മനഃപൂർവം തോറ്റുകൊടുത്തതായി ബെൻ സ്റ്റോക്സ് തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഇക്കാര്യം നമ്മൾ ആദ്യമേ തന്നെ ശരിയായി പ്രവചിച്ചതാണ്. ഇന്ത്യ–പാക്കിസ്ഥാാൻ ബന്ധം – പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ മിഡിയ വിഭാഗത്തെയും ടാഗ് ചെയ്ത് സിക്കന്ദർ ഭക്ത് കുറിച്ചു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത സൊഹൈബ് ഖാൻ എന്നയാൾ സ്റ്റോക്സിന്റെ പുസ്തകത്തിൽ എവിടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് മനഃപൂർവം തോറ്റുകൊടുത്തതായി പ്രതിപാദിക്കുന്നതെന്ന് ആരാഞ്ഞിരുന്നു. ബെൻ സ്റ്റോക്സിനെ ടാഗും ചെയ്തു.
ഈ ട്വീറ്റിന് മറുപടിയായാണ് തന്റെ പുസ്കത്തിൽ അങ്ങനെയൊരു പരാമർശമില്ലെന്ന് സറ്റോക്സ് വ്യക്തമാക്കിയത്.
‘ഇല്ല, അങ്ങനെയൊന്ന് നിങ്ങൾ ഒരിടത്തും കാണില്ല. കാരണം, ഞാനങ്ങനെ പറഞ്ഞിട്ടില്ല. ഇതിനാണ് വാക്കുകളെ വളച്ചൊടിക്കുക എന്ന് പറയുന്നത്’ – സ്റ്റോക്സ് മറുപടിയായി കുറിച്ചു.
2019ലെ ഏകദിന ലോകകപ്പിൽ സെമിഫൈനലിനു പുറമെ ഇന്ത്യ തോറ്റ ഏക മത്സരമായിരുന്നു എജ്ബാസ്റ്റണിൽ ജൂൺ 30ന് നടന്ന ഇന്ത്യ–ഇംഗ്ലണ്ട് മത്സരം. അന്ന് ജോണി ബെയർസ്റ്റോയുടെ സെഞ്ചുറിക്കരുത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്ത ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ നേടാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് മാത്രം. 31 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി.
അന്ന് വിക്കറ്റുകൾ ഇഷ്ടംപോലെ കയ്യിലുണ്ടായിട്ടും ഇന്ത്യ ജയിക്കാൻ ശ്രമിക്കാതിരുന്നത് വിവാദമായിരുന്നു. മത്സരങ്ങൾ ജയിപ്പിക്കുന്നതിൽ പേരുകേട്ട മഹേന്ദ്രസിങ് ധോണിയുടെ ബാറ്റിങ്ങാണ് കൂടുതൽ വിമർശനം ക്ഷണിച്ചുവരുത്തിയത്. ഈ മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിങ് സമീപനം അദ്ഭുതപ്പെടുത്തിയെന്ന് സ്റ്റോക്സ് തന്റെ പുസ്കത്തിൽ എഴുതിയിരുന്നു. ഇതിനെയാണ് സിക്കന്ദർ ഭക്ത് ഇന്ത്യ മനഃപൂർവം തോറ്റുകൊടുത്തതായി സ്റ്റോക്സ് എഴുതിയെന്ന് വ്യാഖ്യാനിച്ചത്.
English Summary: Never said India lost deliberately to England in 2019 World Cup: Ben Stokes