https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/11/27/amit-shah-narendra-modi-bjp.jpg
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. (ഫയൽ ചിത്രം)

ലോക്ഡൗൺ: തുടർനടപടികളെക്കുറിച്ചു ചർച്ച നടത്തി മോദിയും അമിത് ഷായും

by

ന്യൂഡൽഹി ∙ നാലാംഘട്ട ലോക്ഡൗൺ ഞായറാഴ്ച അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് പ്രതിരോധത്തിൽ തുടർനടപടികളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനു സ്വീകരിക്കേണ്ട മാർഗങ്ങളും ചർച്ചയായെന്നാണ് വിവരം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജൂൺ 1 മുതൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) അവലോകനം നടത്തുന്നുണ്ട്.

ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു. മേയ് 31നു ശേഷം ലോക്ഡൗൺ നീട്ടുന്നതിൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിമാരുടെ അഭിപ്രായം ആരാഞ്ഞു. ലോക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടുമെന്ന സൂചനയാണ് ആഭ്യന്തരമന്ത്രി നൽകിയതെന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

കോവിഡ് പ്രതിരോധത്തിനായി കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾ പലതും വിമർശനത്തിന് ഇടയാകുന്നതിൽ കേന്ദ്ര സർക്കാരിന് ആശങ്കയുണ്ടെങ്കിലും ലോക്ഡൗണുമായി മുൻപോട്ടു പോകാൻ തന്നെയാണ് സർക്കാർ തീരുമാനമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. ദേശീയ ദുരന്ത നിവാരണ നിയമം ഏർപ്പെടുത്തിയിരിക്കുന്നത് തുടരാനാണ് സാധ്യത.

ഇങ്ങനെയെങ്കിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും കേന്ദ്രത്തിന് എടുക്കാൻ സാധിക്കും. നാലാംഘട്ട ലോക്ഡൗണിൽ ഇളവുകൾ അനുവദിക്കാൻ സംസ്ഥാനങ്ങൾക്കു കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ‘മൻ കി ബാത്തി’ൽ ലോക്ഡൗണിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചു വിശദീകരിക്കും.

English Summary: PM, Amit Shah Discuss Lockdown Strategy Amid Rising Coronavirus Cases