ഇന്നലെ വിറ്റത് 45 കോടി രൂപയുടെ മദ്യം; ബവ്കോയുടെ ശരാശരി വിൽപന 32 കോടി
by https://www.facebook.com/manoramaonlineതിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നലെ ബവ്കോ, കൺസ്യൂമർഫെഡ് ഷോപ്പുകളിലും ബാറിലും ബീയർ വൈൻ പാർലറുകളിലുമായി വിറ്റത് 45 കോടിരൂപയുടെ മദ്യം. കൺസ്യൂമർ ഫെഡിന്റെ 36 ഔട്ട്ലറ്റുകളിലൂടെ 2 കോടി രൂപയുടെ മദ്യം വിറ്റു. ബവ്കോ, ബാർ, ബീയർവൈൻ പാർലറുകളിലെ മദ്യവിൽപനയുടെ വിശദാംശങ്ങൾ ഇന്ന് വൈകിട്ടോടെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. 32 കോടി രൂപയാണ് ബവ്കോയുടെ ഒരു ദിവസത്തെ ശരാശരി വിൽപന. 612 ബാർ ഹോട്ടലുകളിൽ 576 പേർ മദ്യം വിതരണം ചെയ്യാൻ അംഗീകാരം നേടിയിരുന്നു. 360 ബിയർ വൈൻ ഷോപ്പുകളിൽ 291പേർ വിൽപന നടത്താൻ സന്നദ്ധരായി. ബവ്കോയ്ക്കും കൺസ്യൂമർഫെഡിനും 301 ഷോപ്പുകളാണുള്ളത്.
ആപ്പിന്റെ പ്രവർത്തനത്തിൽ തുടർച്ചയായി പിഴവു വരുന്നതിൽ ബവ്കോ അധികൃതർ അതൃപ്തി അറിയിച്ചു. ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പിലാണ് കമ്പനിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിമർശം ഉണ്ടായത്. മദ്യവിതരണത്തിന്റെ ആദ്യദിവസം പ്രതീക്ഷിച്ചത്ര വരുമാനം ബവ്കോയ്ക്ക് ലഭിച്ചിട്ടില്ല. ബുക്കിങ്ങിനായി എത്തിയവരിൽ മിക്കയാളുകൾക്കും ഇ ടോക്കൺ ലഭിക്കാത്തതാണ് കച്ചവടം കുറച്ചത്. വരും ദിവസങ്ങളിലും ഈ അവസ്ഥ തുടർന്നാൽ ബവ്കോയുടെ വരുമാനത്തിന്റെ സിംഹഭാഗവും നഷ്ടമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഉപഭോക്താക്കളുടെ ഇ ടോക്കണ്‍ പരിശോധിക്കാൻ ബവ്കോ ഉദ്യോഗസ്ഥർക്ക് നൽകിയ ആപ്പിനും നിലവാരമില്ലെന്ന് ആക്ഷേപമുണ്ട്. പല ഷോപ്പുകളിലും ആപ് പ്രവർത്തിക്കാത്തതിനാൽ ഇ ടോക്കൺ റജിസ്റ്ററിൽ രേഖപ്പെടുത്തി മദ്യം നൽകുകയാണ്. സോഫ്റ്റുവെയറിലെ തകരാറുകളാണ് ഒടിപി ലഭിക്കാൻ വൈകുന്നതിനു കാരണം. പലർക്കും 5 മിനിട്ട് വരെ സമയം എടുത്താണ് ഒടിപി ലഭിക്കുന്നത്. ഒടിപി അയച്ചാലും റജിസ്ട്രേഷനിൽ തടസം നേരിടുന്നു. സന്ദേശം ലഭിക്കാത്തത് മൊബൈൽ കമ്പനികളുടെ ഭാഗത്തെ പ്രശ്നമാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തിരക്ക് മുന്നിൽ കണ്ട് പ്രവർത്തനം നടത്താൻ ആപ് നിർമിച്ച കമ്പനിക്ക് കഴിയാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
English Summary: Yesterday's Liquor Sale