കോവിഡ് രക്ത സാമ്പിളുകൾ തട്ടിയെടുത്ത് കുരങ്ങൻമാർ; വായിലിട്ട് ചവച്ചു; ഭീതി
by സ്വന്തം ലേഖകൻകോവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്നവരുടെ രക്ത സാമ്പിളുകളുമായി കുരങ്ങൻമാർ കടന്നുകളഞ്ഞു. ഉത്തർപ്രദേശിലെ മീററ്റിലാണ് ലാബ് ടെക്നീഷ്യനെ ആക്രമിച്ച് കുരങ്ങൻമാർ രക്ത സാമ്പിളുകൾ കൈക്കലാക്കിയത്. രോഗം സംശയിക്കുന്ന 19 പേരുടെ രക്ത സാമ്പിളുകളിൽ മൂന്നെണ്ണം കുരങ്ങൻമാർ കൊണ്ടുപോയി. താഴെ വീണു പൊട്ടിയ ബാക്കി കിറ്റുകൾ മരത്തിന് സമീപം കണ്ടെത്തി.
രക്ത സാമ്പിൾ അടങ്ങിയ കിറ്റ് വായിലിട്ട് ചവയ്ക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ ഈ സാംപിളുകൾ വഴി കുരങ്ങൻമാരിലൂടെ രോഗം പടർന്നുപിടിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. നഷ്ടപ്പെട്ട സാമ്പിളുകൾക്ക് പകരം രോഗികളിൽ നിന്ന് പുതിയ സാമ്പിളുകൾ ശേഖരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇൗ പ്രദേശത്ത് കുരങ്ങൻമാരുടെ ആക്രമണം രൂക്ഷമാണ്.