പുല്‍വാമയില്‍ സ്‌ഫോടനത്തിനെത്തിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു
ശ്രീനഗര്‍: പുല്‍വാമയില്‍ സ്‌ഫോടനത്തിനായി കൊണ്ടുവന്ന കാറിന്റെ ഉടമയെ ജമ്മു കശ്മീര്‍ പോലീസ് തിരിച്ചറിഞ്ഞു. ഷോപിയാന്‍ സ്വദേശിയായ ഹിദയത്തുള്ള മാലികിന്റെ ഉടമസ്ഥതയിലുള്ള വെളുത്ത ഹ്യൂണ്ടായി സാന്‍ട്രോ കാറിലാണ് സ്‌ഫോടക വസ്തു എത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഹിദയത്തുള്ള മാലിക് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
സ്‌ഫോടക വസ്തു നിറച്ച കാര്‍ സുരക്ഷാസേന റോഡുകള്‍ ടച്ചു വളഞ്ഞതോടെ കാറുപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാര്‍ നഗരത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഇടുങ്ങിയ റോഡിലാണ് ഉപേക്ഷിച്ചത്. പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ച ശേഷം കാറിനുള്ളിലെ സ്‌ഫോടക വസ്തു പിന്നീട് സ്‌ഫോടനത്തിലുടെ സൈന്യം നിര്‍വീര്യമാക്കിയിരുന്നു.
2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തിനു നേര്‍ക്കു നടത്തിയ ചാവേര്‍ ആക്രമണത്തിന് സമാനമായ ആക്രമണത്തിനാണ് ഭീകരര്‍ പദ്ധതിയിട്ടിരുന്നത്. കാര്‍ എത്തുന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജമ്മു കശ്മീര്‍ പോലീസും സുരക്ഷാസേനയും ചേര്‍ന്ന തടഞ്ഞത്.