ഒന്നര വയസുകാരന്റെ കൊലപാതകം: രണ്ടാം പ്രതിക്ക് ജാമ്യം

by

തലശ്ശേരി: (www.kvartha.com 29.05.2020) പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം നാടിനെ നടുക്കിയ കൊലപാതക കേസിലെ രണ്ടാം പ്രതിക്ക് കോടതി ജാമ്യം നല്‍കി. തയ്യില്‍ കടപ്പുറത്ത് ഒന്നര വയസുകാരനെ കടലിലെറിഞ്ഞു കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതിയായ യുവാവിനാണ് തലശേരി ജില്ലാ സെഷന്‍സ് കോടതിയുടെ ചുമതലയുള്ള അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി എന്‍ വിനോദ് ജാമ്യം അനുവദിച്ചത്. വലിയന്നൂര്‍ സ്വദേശി നിധിനിന് (28) ആണ് കര്‍ശന ഉപാധികളോടെ ഓണ്‍ലൈന്‍ ആയി ജാമ്യം അനുവദിച്ചത്.

കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ (22) റിമാന്‍ഡിലാണുള്ളത്. 50,000 രൂപയുടെ രണ്ടാള്‍ ജാമ്യം, അന്വേഷണത്തില്‍ ഇടപെടുന്ന ഒന്നും ചെയ്യരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ജാമ്യ വേളയില്‍ മറ്റു കേസുകളില്‍ അറസ്റ്റിലാവരുത്, കൊവിഡ് നിയന്ത്രണ ചട്ടങ്ങള്‍ അനുസരിച്ച് യാത്രകള്‍ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ സിറ്റി സിഐ പി ആര്‍ സതീഷാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കൊലപാതക പ്രേരണ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിധിന്റെ പേരില്‍ ചുമത്തിയിട്ടുള്ളത്.

https://1.bp.blogspot.com/-9y5G71ryJS8/XtDrTW9LTEI/AAAAAAAAYr4/gsnP3A6nUDkbUufKRgO8029_fnhOeo8HQCLcBGAsYHQ/s1600/case.jpg

2020 ഫെബ്രുവരി 17ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം കഴിയാന്‍ ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മകന്‍ വിയാനെ എടുത്തു കൊണ്ടുപോയി ശരണ്യ വീടിന് സമീപത്തെ കടലില്‍ എറിയുകയായിരുന്നുവെന്നാണ് കേസ്. കൊല നടന്ന അന്നു തന്നെ ശരണ്യയാണ് പ്രതിയെന്ന് കണ്ടെത്തിയ പൊലീസ് രണ്ടു ദിവസത്തിനുള്ളില്‍ നിധിനെ പിടികൂടിയിരുന്നു.

കൊച്ചിയിലേക്ക് മുങ്ങിയ ഇയാളെ വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. കൊലപാതക പ്രേരണാകുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ശരണ്യയുമായി ഏറെ കാലത്തെ ബന്ധം പുലര്‍ത്തിയിരുന്ന നിധിന്‍ യുവതിയെ ലൈംഗികപരമായും സാമ്പത്തികപരമായും ചൂഷണം ചെയ്തതായി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

Keywords: Thalassery, News, Kerala, Case, Crime, Police, Thayyil, Child, Death, One and half year old child death case in Thayyil