എം.പി.വിരേന്ദ്രകുമാർ: സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മഹനീയ മാതൃക: പുരോഗമന കലാസാഹിത്യസംഘം
by വെബ് ഡെസ്ക്കൊച്ചി> ദേശീയസമരക്കാലത്ത് ഇന്ത്യയിൽ രൂപപ്പെട്ട സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ തുടർച്ചയും മഹനീയ മാതൃകയുമായിരുന്നു എം.പി.വിരേന്ദ്രകുമാർ എന്ന് പുരോഗമന കലാസാഹിത്യസംഘം അനുശോചന സന്ദേശത്തിൽ പറഞ്ഞു. അതേ ജാഗ്രതയോടെ അദ്ദേഹം എന്നും ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ മുന്നിൽ നിന്നു. മൂലധന സാമ്രാജ്യത്തത്തിനും രാഷ്ട്രീയ ഹിന്ദുത്വത്തിനുമെതരെ നിലപാടു സ്വീകരിക്കുന്ന സാമൂഹ്യ രാഷ്ട്രീയപ്രവർത്തകർക്ക് അദ്ദേഹം വലിയ അവലംബമായിരുന്നു.
ഇ.എം.എസിനു ശേഷം സാഹിത്യത്തെ ഇത്രകണ്ട് സ്നേഹിക്കുകയും ഇടപെടുകയും ചെയ്ത മറ്റൊരു രാഷ്ട്രീയ നേതാവ് ഉണ്ടെന്ന് തോന്നുന്നില്ല. മതേതരത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ തൻ്റെ പുസ്തകങ്ങൾ കൊണ്ട് അദ്ദേഹം ഒരു വലിയ യുദ്ധമുന്നണിയാണ് തുറന്നത്. ചരിത്രത്തിലും വിജ്ഞാനത്തിലുള്ള ആഴത്തിലുള്ള അന്വേഷണങ്ങളാണ് യാത്രാവിവരണ ഗ്രന്ഥങ്ങൾ. മലയാളത്തിലെ എല്ലാ തലമുറയിലേയും എഴുത്തുകാരോട് അദ്ദേഹം പുലർത്തിയ സ്നേഹം വിലമതിക്കാനാവാത്തതാണ്.
പുരോഗമന കലാസാഹിത്യസംഘത്തിൻ്റെ ഉറ്റ ബന്ധുവും വഴികാട്ടിയുമായിരുന്ന വിരേന്ദ്രകുമാറിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്താൽ പങ്കു ചേരുന്നു സംഘം സംസ്ഥാന പ്രസിഡണ്ട് ഷാജി എൻ കരുൺ,ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ പറഞ്ഞു.