'ഹെഡ്‌സ്' എന്നു തന്നെയെന്ന് ഞാന്‍ പറഞ്ഞു, ധോനി സമ്മതിച്ചില്ല, വീണ്ടും ടോസിടാമെന്ന് പറഞ്ഞു
''എനിക്ക് ഓര്‍മയുണ്ട് അന്ന് ടോസിട്ടുകഴിഞ്ഞ് മഹിക്ക് (എം.എസ് ധോനി) ഞാന്‍ ഹെഡ് ആണോ ടെയ്ല്‍ ആണോ വിളിച്ചതെന്ന് ഉറപ്പുണ്ടായിരുന്നില്ല. നിങ്ങള്‍ ടെയ്ല്‍ അല്ലേ വിളിച്ചത് എന്ന് ധോനി എന്നോട് ചോദിച്ചു''
ന്യൂഡല്‍ഹി: 2011 ലോകകപ്പ് ഫൈനലിലെ ടോസിനിടെയുണ്ടായ ആശയക്കുഴപ്പത്തെ കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര. അന്നത്തെ ഫൈനലില്‍ രണ്ടു തവണ ടോസിടേണ്ടി വന്നിരുന്നു.
ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനൊപ്പമുള്ള ഇന്‍സ്റ്റാഗ്രാം ലൈവിലാണ് സംഗക്കാര അന്നത്തെ സംഭവം ഓര്‍ത്തെടുത്തത്.
''അന്ന് വലിയ കാണികളാണ് ഉണ്ടായിരുന്നത്. ശീലങ്കയില്‍ ഒരിക്കലും അങ്ങനെ സംഭവിക്കില്ല. സമാനമായ സംഭവം ഈഡന്‍ ഗാര്‍ഡന്‍സിലും ഉണ്ടായിരുന്നു. അന്ന് ഞാന്‍ പറയുന്നത് ഫസ്റ്റ് സ്ലിപ്പില്‍ നില്‍ക്കുന്ന ആള്‍ക്ക് കേള്‍ക്കാന്‍ കൂടി സാധിക്കുന്നില്ലായിരുന്നു. വാംഖഡെയിലും അത് അങ്ങനെ തന്നെ. എനിക്ക് ഓര്‍മയുണ്ട് അന്ന് ടോസിട്ടുകഴിഞ്ഞ് മഹിക്ക് (എം.എസ് ധോനി) ഞാന്‍ ഹെഡ് ആണോ ടെയ്ല്‍ ആണോ വിളിച്ചതെന്ന് ഉറപ്പുണ്ടായിരുന്നില്ല. നിങ്ങള്‍ ടെയ്ല്‍ അല്ലേ വിളിച്ചത് എന്ന് ധോനി എന്നോട് ചോദിച്ചു. അല്ല, ഹെഡ്സ് ആണെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ടോസ് ജയിച്ചെന്ന് മാച്ച് റഫറിയും പറഞ്ഞു. എന്നാല്‍ മഹി പറഞ്ഞു ഇല്ലെന്ന്. ആകെ ആശയക്കുഴപ്പമായതോടെ വീണ്ടും ടോസ് ഇടാമെന്ന് മഹി പറഞ്ഞു. അങ്ങനെയാണ് രണ്ടാമതും ടോസിട്ടത്. അത് വീണ്ടും ഹെഡ്സ് ആവുകയും ചെയ്തു'', സംഗക്കാര പറഞ്ഞു.
അന്ന് ടോസ് നേടാനായത് നല്ല കാര്യമായിരുന്നോ എന്നതില്‍ ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ടോസ് നേടിയിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തേനേ. ഏയ്ഞ്ചലോ മാത്യൂസിന് പരിക്കേറ്റതിനാലാണ് ആദ്യം ബാറ്റു ചെയ്യാന്‍ ലങ്ക തീരുമാനിച്ചതെന്നും മുന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.
''മാത്യുസിന് പരിക്കേറ്റതോടെ 6-5 എന്ന കോമ്പിനേഷനിലാണ് ഞങ്ങള്‍ കളിച്ചത്. മാത്യൂസ് ഫിറ്റ്‌നസ് വീണ്ടെടുത്തിരുന്നെങ്കില്‍ 100 ശതമാനം ഉറപ്പായും ഞങ്ങള്‍ ചേസിങ് തിരഞ്ഞെടുക്കുമായിരുന്നു. ഏഴാമത് ബാറ്റു ചെയ്യുന്ന മാത്യൂസിന് വാലറ്റത്തിനൊപ്പം ബാറ്റു ചെയ്യാനുള്ള കഴിവ് ടീമിന് വലിയ മുതല്‍ക്കൂട്ടായിരുന്നു'', സംഗക്കാര പറഞ്ഞു.
അതേസമയം ധോനി സിക്‌സറിലൂടെ ഇന്ത്യയുടെ വിജയം കുറിച്ച ശേഷം പിറകില്‍ പുഞ്ചിരിക്കുന്ന സംഗക്കാരയുടെ ചിത്രം അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് പുഞ്ചിരിച്ചതിനെ കുറിച്ചും സംഗക്കാര സംസാരിച്ചു. സങ്കടവും നിരാശയും മറയ്ക്കാന്‍ ആ പുഞ്ചിരി സഹായിച്ചുവെന്നായിരുന്നു സംഗക്കാരയുടെ മറുപടി.
Content Highlights: Kumar Sangakkara recalls confusion at toss during 2011 World Cup final