ലോക്ക്ഡൗണ്‍ നീട്ടണോ വേണ്ടയോ; പ്രധാനമന്ത്രിയും അമിത്ഷായും കൂടിക്കാഴ്ച നടത്തി

https://www.mathrubhumi.com/polopoly_fs/1.3508907.1548260414!/image/image.jpg_gen/derivatives/landscape_894_577/image.jpg
Photo Courtesy: PTI

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നാലാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുമായി അമിത് ഷാ വ്യാഴാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടത്. ഈ മാസം 31 വരെയാണ് നിലവില്‍ പ്രഖ്യാപിച്ച നാലാംഘട്ട ലോക്ക്ഡൗണ്‍.

കൊറോണ വൈറസ് കേസുകള്‍ രാജ്യത്ത് ക്രമാതീതമായി ഉയര്‍ന്നുക്കൊണ്ടിരിക്കെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പുനരാരംഭിക്കാം, ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച തന്ത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ മോദിയും ഷായും ചര്‍ച്ച ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ലോക്ക്ഡൗണ്‍ നീട്ടണോ എന്നത് സംബന്ധിച്ച് അമിത് ഷാ മുഖ്യമന്ത്രിമാരില്‍ നിന്ന്പ്രതികരണം തേടിയിരുന്നു. കണ്ടെയിന്‍മെന്റ് സോണുകളില്‍ മാത്രം നിയന്ത്രണം മതിയെന്ന് ചില സംസ്ഥാനങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഇളവുകളോടെ രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ഗോവയടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.

അതേസമയം, ദിനംപ്രതി കേസുകള്‍ വര്‍ധിച്ചുവരുന്നത് ലോക്ക്ഡൗണ്‍ തന്ത്രങ്ങളിലെ പാളിച്ചയാണെന്ന വിമര്‍ശനവും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അടുത്ത ഘട്ട ലോക്ക്ഡൗണ്‍ ഒരു രാഷ്ട്രീയ നീക്കംകൂടിയായി മാറുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

Content Highlights: Amit Shah at PM residence to discuss lockdown-coronavirus