https://assets.doolnews.com/2020/05/veerendrakumar-399x227.jpg

എം. പി വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രമുഖര്‍

by

കോഴിക്കോട്: രാജ്യസഭാംഗവും മാതൃഭൂമി എം. ഡിയുമായ എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായ്ഡു, ആരോഗ്യമന്ത്രി കെ. കെ ശൈലജ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാഹുല്‍ഗാന്ധി, സിനിമാ നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി നിരവധി പ്രമുഖരാണ് അനുശോചനമറിയിച്ച് രംഗത്തെത്തിയത്.

മാധ്യമരംഗത്ത് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിത്വം-ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു 

‘മാതൃഭൂമിയുടെ ചെയര്‍മാനും എം.ഡിയുമെന്ന നിലയില്‍ മാധ്യമരംഗത്ത് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കി. പാവങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം എന്നും നിലകൊണ്ടു. വീരേന്ദ്ര കുമാറിന്റെ വേര്‍പാടില്‍ യഥാര്‍ത്ഥ ദേശസ്‌നേഹിയെയും മഹാനായ നേതാവിനെയുമാണ് രാജ്യത്ത് നഷ്ടമാകുന്നത്. കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നു,’ വെങ്കയ്യ നായ്ഡു പറഞ്ഞു.

ജനാധിപത്യ മതേതര പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടം- മുഖ്യമന്ത്രി പിണറായി വിജയന്‍

‘ജനാധിപത്യ മതേതര പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണ് ശ്രീ എം പി വീരേന്ദ്രകുമാറിന്റെ വേര്‍പാട്. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ ഒന്നിച്ചായിരുന്നു. ഒരു ഘട്ടത്തില്‍ രാഷ്ട്രീയമായി ഭിന്ന ചേരിയില്‍ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു,’മുഖ്യമന്ത്രി പറഞ്ഞു.

https://www.doolnews.com/assets/2020/05/mp.jpg

വീരേന്ദ്ര കുമാര്‍ തനിക്ക് ഗുരുതുല്യന്‍-ആരോഗ്യമന്ത്രി കെ. കെ ശൈലജ

‘വീരേന്ദ്ര കുമാര്‍ സാര്‍ എനിക്ക് ഗുരുതുല്യനാണ്. പലപ്പോഴും എന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്നു. എന്നോടദ്ദേഹത്തിന് വലിയ സ്നേഹവും വാത്സല്യവുമായിരുന്നു. എപ്പോഴുമൊരു ഇടതുപക്ഷ സഹയാത്രികനായിരുന്ന അദേഹത്തിന്റെ കാണാച്ചരടുകള്‍ വായിച്ചിട്ടാണ് മുതലാളിത്ത നയത്തിനെതിരെയൊക്കെ സംസാരിക്കാറെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. മനസില്‍ ആ ആശയം മാത്രമാണെന്നും അതില്‍ യാതൊരു മാറ്റമില്ലെന്നും അദ്ദേഹവും പറഞ്ഞിരുന്നു.

അപ്രതീക്ഷിതമായ ഈ വേര്‍പാട് വലിയൊരു സ്‌നേഹത്തിന്റെ തണല്‍ നഷ്ടപ്പെട്ട അനുഭവമാണ് ഉണ്ടാക്കിയിട്ടുള്ളത്. കേരള രാഷ്ട്രീയത്തിനും മാധ്യമ സാംസ്‌കാരിക രംഗത്തിനും വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു,’ മന്ത്രി രേഖപ്പെടുത്തി.

കേരളത്തിന് മറക്കാനാകാത്ത വ്യക്തിത്വം-പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കേരളത്തിലെ സാമൂഹിക,രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ ഏറ്റവും വലിയ ആഘാതമാണ് എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്. കേരളത്തിന് മറക്കാനാകാത്ത വ്യക്തിത്വമാണ് എം.പി വീരേന്ദ്ര കുമാറിന്റേത്. കേരള, ദേശീയ രാഷ്ട്രീയ രംഗത്തിന് നഷ്ടമാണ്. വ്യക്തിപരമായും നഷ്ടമാണ് വീരേന്ദ്ര കുമാറിന്റെ വേര്‍പാട് സൃഷ്ടിച്ചത്,’ രമേശ് ചെന്നിത്തല മാതൃഭൂമിയോട് പ്രതികരിച്ചു.

അദ്ദേഹത്തിന്റെ മരണ വാര്‍ത്തയില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി

‘എഴുത്തുകാരനും മാതൃഭൂമി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമായ എം പി വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ദുഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു,’ രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

വീരേന്ദ്ര കുമാര്‍ പിതൃതുല്യന്‍- മോഹന്‍ലാല്‍

വളരെയധികം സ്നേഹവും കരുതലുമുള്ള മനുഷ്യനായിരുന്നു എം.പി വീരേന്ദ്രകുമാര്‍ എന്ന് മോഹന്‍ ലാല്‍ പ്രതികരിച്ചു.

”സിനിമയെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും സംസാരിക്കുന്ന മനുഷ്യനായിരുന്നു അദ്ദേഹം.എപ്പോഴും സ്നേഹത്തില്‍ സംസാരിക്കുന്ന മനുഷ്യനായിരുന്നു. പലപ്രശ്നങ്ങള്‍ വരുമ്പോഴും വിളിച്ച് സംസാരിച്ചിരുന്നു. പിതൃതുല്യനായ മനുഷ്യന്‍ സംസാരിക്കുന്നത് പോലെത്തന്നെയാണ് വീരേന്ദ്രകുമാര്‍ സംസാരിക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്നത്,” പറഞ്ഞു.

ദീര്‍ഘകാലത്തെ ബന്ധമാണ് വീരേന്ദ്ര കുമാറുമായി തനിക്കുണ്ടയിരുന്നതെന്നും മോഹന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.

അദ്ദേഹം എന്റെ ഹൃദയത്തിലെ ബന്ധു-മമ്മൂട്ടി

വീരേന്ദ്ര കുമാര്‍ തന്റെ ഹൃദയത്തിലെ ബന്ധുവായിരുന്നെന്ന് പറഞ്ഞ മ്മൂട്ടി പരിചയപ്പെട്ട ആദ്യനാള്‍മുതല്‍ തന്നെ വിരേന്ദ്രകുമാറുമായി വളരെ നല്ല ആത്മബന്ധമായിരുന്നെന്നും പറഞ്ഞു.

‘എനിക്ക് അദ്ദേഹം എന്റെ ഹൃദയത്തിലെ ബന്ധു ആയിരുന്നു. അദ്ദേഹത്തോട് സംസാരിച്ചിട്ട് അധികനാള്‍ ആയിട്ടില്ല. അസുഖമാണെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്നുള്ള ഒരു വിയോഗം പ്രതീക്ഷിച്ചില്ല. പരിചയപ്പെട്ട ആദ്യനാള്‍ മുതല്‍ വല്ലാത്ത ആത്മബന്ധമായിരുന്നു ഞങ്ങളുടേത്. ഓരോ വേദികളില്‍, ഓരോ സന്ദര്‍ഭങ്ങളില്‍, വീട്ടിലുമെല്ലാം ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെയായിരുന്നു,’ മമ്മൂട്ടി പറഞ്ഞു.

രാഷ്ടീയ രംഗത്തും സാഹിത്യരംഗത്തും സാമൂഹ്യരംഗത്തും പരിസ്ഥിതി രംഗത്തും ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹം തന്നോട് വലിയ സൗഹൃദമാണ് കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രം കടപ്പാട്: മാതൃഭൂമി

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക