https://img-mm.manoramaonline.com/content/dam/mm/mo/sports/cricket/images/2020/5/29/dhoni-sangakkara.jpg
2011 ലോകകപ്പ് ഫൈനലിലെ ടോസിനിടെ ധോണിയും സംഗക്കാരയും (ഫയൽ ചിത്രം)

2011 ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടമായ ധോണി വീണ്ടും ടോസ് ആവശ്യപ്പെട്ടു: സംഗക്കാര

by

കൊൽക്കത്ത∙ ഇന്ത്യ കിരീടം ചൂടിയ 2011ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടമായ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി രണ്ടാമതും ടോസിടാൻ നിർബന്ധം പിടിച്ചതായി വെളിപ്പെടുത്തൽ. അന്ന് കലാശപ്പോരിൽ ഇന്ത്യയുടെ എതിരാളികളായിരുന്ന ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാരയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇതേ തുടർന്ന് ആശയക്കുഴപ്പം ഉടലെടുത്തതോടെയാണ് അന്ന് രണ്ടാമതും ടോസ് ഇട്ടതെന്ന് സംഗക്കാര വ്യക്തമാക്കി. എന്നാൽ, രണ്ടാം തവണ ടോസ് ഇട്ടപ്പോഴും ‘ഹെഡ്’ വിളിച്ച ശ്രീലങ്കൻ നായകൻ തന്നെയാണ് ടോസ് ജയിച്ചത്. തുടർന്ന് ഇന്ത്യയെ ഫീൽഡിങ്ങിന് അയയ്ക്കുകയും ചെയ്തു. രവിചന്ദ്രൻ അശ്വിനുമായി ഇൻസ്റ്റഗ്രാം ലൈവിൽ സംസാരിക്കുമ്പോഴാണ് സംഗക്കാര ഇക്കാര്യം വെളിപ്പെടുത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 274 റണ്‍സാണ് നേടിയത്. മുൻ ക്യാപ്റ്റൻ കൂടിയായിരുന്ന മഹേള ജയവർധനെയുടെ സെഞ്ചുറിയാണ് ശ്രീലങ്കയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. നാലാമനായിറങ്ങിയ ജയവർധനെ 88 പന്തിൽ 13 ഫോറുകൾ സഹിതം 103 റൺസാണ് നേടിയത്. മൂന്നാം വിക്കറ്റിൽ സംഗക്കാരയ്ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്തു. എന്നാൽ, ശ്രീലങ്ക ഉയർത്തിയ 275 റൺസ് വിജയലക്ഷ്യം ഇന്ത്യ 10 പന്തുകൾ ബാക്കിനിൽക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നിരുന്നു. മൂന്നാമനായി ഇറങ്ങിയ ഗൗതം ഗംഭീർ (122 പന്തിൽ 97), ക്യാപ്റ്റൻ എം.എസ്. ധോണി (79 പന്തിൽ പുറത്താകാതെ 91) എന്നിവരുടെ അർധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് തുണയായത്.

ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ മാത്രം ഫൈനൽ കാണാൻ ആയിരങ്ങളാണ് കലാശപ്പോരിന് വേദിയൊരുക്കിയ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയത്. കലാശപ്പോരിന്റെ ആവേശത്തിൽ ഗാലറിയിൽനിന്ന് ആരാധകരുയർത്തിയ ആരവത്തിൽ ആദ്യതവണ ടോസ് ഇടപ്പോൾ താൻ ‘ഹെഡ്’ വിളിച്ചത് കേട്ടില്ലെന്ന് ധോണി അറിയിച്ചതായി സംഗക്കാര വെളിപ്പെടുത്തി. താൻ ഹെഡ് വിളിച്ചത് വ്യക്തമായി കേട്ട മാച്ച് റഫറി ശ്രീലങ്ക ടോസ് ജയിച്ചതായി പ്രഖ്യാപിച്ചെങ്കിലും ധോണി വിയോജിക്കുകയായിരുന്നു.

‘‘വാങ്കഡെയിൽ ഫൈനൽ കാണാൻ തടിച്ചുകൂടിയ ജനാവലി ഞെട്ടിക്കുന്നതായിരുന്നു. ശ്രീലങ്കയിൽ ഇത്തരത്തിലൊരു ആരാധകക്കൂട്ടത്തെ ഒരിക്കലും കാണാനാകില്ല. ഈഡൻ ഗാർഡൻസിലും (കൊൽക്കത്ത) ഞാൻ ഇതേ പ്രശ്നം അനുഭവിച്ചിട്ടുണ്ട്. ആളുകളുടെ ബഹളം കാരണം എനിക്ക് ഫസ്റ്റ് സ്ലിപ്പിലുള്ളവരോടു പോലും സംസാരിക്കാനാകില്ല. അതിനുശേഷം വാങ്കഡെയിലാണ് സമാനമായ ജനക്കൂട്ടത്തെ കണ്ടത്. അന്ന് ഫൈനലിൽ ടോസ് ഇട്ടപ്പോൾ ഞാൻ ‘ടെയ്ൽ’ അല്ലേ വിളിച്ചതെന്ന് ധോണി ചോദിച്ചു. അല്ല, ഹെഡ് ആണ് വിളിച്ചതെന്ന് ഞാൻ മറുപടി നൽകി’ – സംഗക്കാര വിശദീകരിച്ചു.

‘ഞാൻ ഹെഡ് വിളിച്ചത് കേട്ട മാച്ച് റഫറി ശ്രീലങ്ക ടോസ് ജയിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ, ധോണി വിയോജിച്ചു. ഇതോടെ ആകെ ആശയക്കുഴപ്പമായി. ഇതോടെ വീണ്ടും ടോസ് ഇടാമെന്ന് ധോണി നിർദ്ദേശിച്ചു. ഇത്തവണയും ഞാൻ ഞാൻ ഹെഡ് വിളിച്ചു. ടോസ് എനിക്കു തന്നെ കിട്ടുകയും ചെയ്തു’ – സംഗക്കാര പറഞ്ഞു.

‘സത്യത്തിൽ അന്ന് ടോസ് ജയിച്ചത് എന്റെ ഭാഗ്യമാണോ എന്ന് ഇപ്പോഴും അറിയില്ല. അന്ന് എനിക്ക് ടോസ് നഷ്ടമായിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ത്യയും ആദ്യം ബാറ്റിങ് തന്നെ തിരഞ്ഞെടുക്കുമായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്’ – സംഗക്കാര വിശദീകരിച്ചു.

അന്ന് കലാശപ്പോരിൽ തോറ്റതോടെ രണ്ടാം ലോകകിരീടമെന്ന മോഹമാണ് ശ്രീലങ്ക കൈവിട്ടത്. 1996ലാണ് ശ്രീലങ്ക ആദ്യമായി ലോകകപ്പ് നേടിയത്. 49–ാം ഓവറിൽ തകർപ്പൻ സിക്സറിലൂടെ ടീമിനെ വിജയത്തിലെത്തിച്ചശേഷം ധോണിയും യുവരാജ് സിങ്ങും ആശ്ലേഷിക്കുമ്പോൾ പിന്നിൽ പുഞ്ചിരിയുമായി നിൽക്കുന്ന തന്റെ ചിത്രത്തെക്കുറിച്ചും സംഗക്കാര പ്രതികരിച്ചു.

‘തോറ്റാലും ഇല്ലെങ്കിലും അതിനെ എങ്ങനെ നേരിടണമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. മത്സരം തോറ്റ നിമിഷം ആ ചിത്രത്തിൽ കാണുന്ന എന്റെ ചിരിക്കു പിന്നിൽ ഒളിപ്പിച്ചുവച്ച വലിയൊരു വേദനയും നിരാശയുമുണ്ട്. 1996 മുതൽ ലോകകപ്പ് ശ്രീലങ്കയിലെത്താൻ കാത്തിരിക്കുന്ന രണ്ടു കോടി ശ്രീലങ്കക്കാരെ ഓർത്തുള്ള വേദനയും നിരാശയും’ – സംഗക്കാര പറഞ്ഞു. പരുക്കുമൂലം എയ്ഞ്ചലോ മാത്യൂസിനെ കലാശപ്പോരിൽ നഷ്ടമായതും തോൽവിക്കു കാരണമായതായി സംഗക്കാര ചൂണ്ടിക്കാട്ടി.

English Summary: MS Dhoni wanted another toss in 2011 World Cup final: Kumar Sangakkara