https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/29/pak-air-crash.jp.jpg
കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം തകർന്നു വീണ പാക്കിസ്ഥാൻ എയർലൈൻസിന്റെ എയർബസ് എ320 വിമാനം

ചക്രം താഴ്ത്താതെ ലാൻഡിങ് ശ്രമം; പാക്ക് വിമാനം തകർന്നതിന്റെ കാരണം അ‍ജ്ഞാതം

by

കറാച്ചി ∙ 91 യാത്രക്കാരും എട്ടു ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന പാക്കിസ്ഥാൻ എയർലൈൻസിന്റെ എയർബസ് എ320 വിമാനം കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം തകർന്നു വീണത് വിചിത്രമായ ലാൻഡിങ് ശ്രമത്തിനു ശേഷം. ലാൻഡിങ് ഗിയർ പ്രവർത്തിപ്പിക്കാതെ റൺവേയിൽ ഇറക്കാൻ പൈലറ്റുമാർ ശ്രമിച്ചെന്നാണ് റിപ്പോർട്ട്. എൻജിനുകൾ നിലത്തുരഞ്ഞതിനെത്തുടർന്ന് വിമാനം വീണ്ടും ഉയർത്തുകയായിരുന്നു. പക്ഷേ എൻജിന്റെ പ്രവർത്തനം നിലച്ചതിനെതുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം സമീപത്തെ ജനവാസകേന്ദ്രത്തിൽ തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ 97 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അപകടത്തിൽനിന്ന് രണ്ടു പേർ രക്ഷപ്പെട്ടിരുന്നു.

റൺവേയിലിറങ്ങാൻ എയർട്രാഫിക് കൺട്രോളിന്റെ അനുമതി തേടിയ പൈലറ്റ്, പക്ഷേ ലാൻഡിങ് ഗിയർ പ്രവർത്തിക്കാത്ത വിവരം അറിയിച്ചില്ലെന്ന് പാക്ക് വ്യോമയാനമന്ത്രി ഗുലാം സർവർ ഖാൻ പറഞ്ഞു. വിമാനം കൃത്യമായ ഉയരത്തിലല്ലെന്നും ആൾട്ടിറ്റ്യൂഡ് താഴ്ത്തണമെന്നും എയർട്രാഫിക് കൺട്രോൾ പൈലറ്റിന് നിർദേശം നൽകിയെങ്കിലും അതു കൈകാര്യം ചെയ്യാമെന്നായിരുന്നു മറുപടി.

നിലത്തിറങ്ങാനുള്ള ആദ്യശ്രമത്തിൽ ലാൻഡിങ് ഗിയർ പ്രവർത്തിക്കാത്തതിനാൽ വിമാനം മൂന്നുവട്ടം നിലത്തിടിച്ചു. എൻജിനുകൾ റൺവേയിൽ ഉരയുകയും ചെയ്തു. തുടർന്ന് വിമാനം ഉയർത്തിയ പൈലറ്റ്, ഉയരം ക്രമീകരിക്കാനാവുന്നില്ലെന്നും രണ്ട് എൻജിനുകളും തകരാറിലായെന്നും എയർട്രാഫിക് കൺട്രോളിനെ അറിയിച്ചതായും മന്ത്രി പറഞ്ഞു.

നിലത്തിടിച്ചതിനെത്തുടർന്നാണോ എൻജിൻ തകരാറിലായതെന്ന് വിദഗ്ധർ സംശയിക്കുന്നുണ്ട്. വിമാനം വീണ്ടും റൺവേയിലിറക്കാനുള്ള ശ്രമത്തിനിടെയാണ് സമീപത്തെ ജനവാസ കേന്ദ്രത്തിനു മുകളിലേക്കു പറന്നതും അവിടെ തകർന്നുവീണതും.

ലാൻഡിങ് ഗീയറിന് എന്താണു സംഭവിച്ചത് എന്ന കാര്യത്തിലും സംശയമുണ്ട്. ‘എല്ലാ മുന്നറിയിപ്പ് സംവിധാനങ്ങളുമുള്ള എയർബസ് പോലുള്ള ജെറ്റിലെ, എയർലൈൻ ക്രൂ ഗിയർ നീട്ടാതെ വിമാനം ഇറക്കാൻ ശ്രമിക്കുമെന്നത് അവിശ്വസനീയമാണ്’– മുൻപ് എ 320 വിമാനം പറത്തിയിട്ടുള്ള ഏവിയേഷൻ സേഫ്റ്റി കൺസൽറ്റന്റ് ജോൺ കോക്സ് പറഞ്ഞു. ലാൻഡിങ് ശ്രമം വിചിത്രമായിരുന്നെന്നും ഗീയർ തകരാറിനെപ്പറ്റി ക്രൂ സൂചനകളൊന്നും നൽകിയില്ലെന്നും കോക്സ് പറഞ്ഞു..

ലാൻഡിങ് ഗിയർ പ്രവർത്തിപ്പിക്കാതെ പൈലറ്റുമാർ വിമാനം നിലത്തിറക്കാൻ ശ്രമിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രൂപകൽപന ചെയ്‌തിരിക്കുന്ന ചെക്ക്‌ലിസ്റ്റുകൾക്ക് പുറമേ, ജീവനക്കാർ മറന്നുപോയാലോ ഗീയർ പ്രവർത്തിക്കാതെ വന്നാലോ മുന്നറിയിപ്പു നൽകാൻ ജെറ്റ്‌ലൈനറിന് ഒന്നിലധികം മുന്നറിയിപ്പു സംവിധാനങ്ങളുമുണ്ട്.

English Summary: Pakistan Jet Crashed Shortly After Bizarre Landing Attempt At 327 KPH