ട്രെയിനിന്റെ ശുചിമുറിയിൽ അതിഥി തൊഴിലാളിയുടെ മൃതദേഹം; കണ്ണീര്‍കാഴ്ച
by സ്വന്തം ലേഖകൻനിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ശുചിമുറിയിൽ നിന്നും അതിഥി തൊഴിലാളിയുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ അണുവിമുക്തമാക്കുന്നതിനിടയിലാണ് മൃതദേഹം ലഭിച്ചത്. ബസ്റ്റി സ്വദേശിയായ മോഹൻ ലാൽ ശർമ എന്ന 38കാരനാണ് മരിച്ചത്.
സംഭവം ഇങ്ങനെ: മുംബൈയിൽ ദിവസക്കൂലിക്ക് ജോലിചെയ്തിരുന്ന യുവാവ് ലോക്ഡൗണിൽ കുടുങ്ങി. അതിഥി തൊഴിലാളികൾക്കൊപ്പം സഞ്ചരിച്ച് ഇയാൾ ഝാൻസിയിൽ എത്തിച്ചേർന്നു. അവിടെ നിന്നും നാട്ടിലേക്ക് ട്രെയിൻ ലഭിക്കുമെന്നായിരുന്നു ഇയാളുടെ പ്രതീക്ഷ. ജില്ലാ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഗോരഖ്പൂരിലേക്കുള്ള ട്രെയിനുണ്ടെന്ന് മനസിലായി. ബസ്റ്റിയിൽ നിന്നും 70 കിലോമീറ്റർ അകലെയാണ് ഗോരഖ്പൂർ. 23ന് യാത്ര തുടങ്ങും മുൻപ് ഫോണിൽ ബന്ധുക്കളെ ബന്ധപ്പെട്ട യുവാവ് ഗോരഖ്പൂരിൽ എത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വച്ച് ഓഫായി.
ട്രെയിൻ ഗോരഖ്പൂരിൽ യാത്ര അവസാനിപ്പിക്കുകയും തിരികെ 27ന് ബസ്റ്റിൽ എത്തുകയും ചെയ്തു. തിരികെയെത്തിയ ട്രെയിൻ അണുവിമുക്തമാക്കാൻ എത്തിയ തൊഴിലാളികളാണ് ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കം മൃതദേഹത്തിനുണ്ട്. കോവിഡ് പരിശോധനകൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.