കൊവിഡ് ലോക്ഡൗണ്‍: പാകിസ്താനില്‍ കുടുങ്ങിപ്പോയ 300 ഓളം ഇന്ത്യക്കാര്‍ ശനിയാഴ്ച നാട്ടിലെത്തും

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399375/covid.jpg
പ്രതീകാത്മക ചിത്രം

ന്യുഡല്‍ഹി: കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് പാകിസ്താനില്‍ കുടുങ്ങിപ്പോയ 300 ഓളം ഇന്ത്യക്കാര്‍ ശനിയാഴ്ച തിരിച്ചെത്തും. ഇവര്‍ക്ക് തിരിച്ചുവരുന്നതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കി. അട്ടാരി-വാഗാ അതിര്‍ത്തി വഴിയായിരിക്കും ഇവരെ തിരിച്ചെത്തിക്കുകയെന്ന് പാകിസ്താന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരിച്ചെത്തുന്നവരില്‍ 80 പേര്‍ ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. ഇവര്‍ ലഹോറില്‍ പഠിക്കുന്നവരാണ്. ഇസ്ലാമാബാദില്‍ നിന്നുള്ള 10 പേരും പാകിസ്താനിലുള്ള ബന്ധുക്കളെ കാണാന്‍ പോയ 12 പേരും മടങ്ങിവരുന്നവരിലുണ്ട്. ബാക്കിയുള്ള 200 ഓളം പേര്‍ കറാച്ചിയിലും സിന്ധ് പ്രവിശ്യയിലുമുള്ള ഇന്ത്യന്‍ പൗരന്മാരാണ്. മടങ്ങാന്‍ അനുമതി ലഭിച്ചവര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. വെള്ളിയാഴ്ച രാത്രി ഇവരെ വാഗാ അതിര്‍ത്തിയില്‍ എത്തിച്ച് ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും.

ലോക്ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിപ്പോയ 176 പാകിസ്താന്‍ പൗരന്മാരെ ബുധനാഴ്ച അട്ടാരി-വാഗാ അതിര്‍ത്തി വഴി തിരിച്ചയച്ചിരുന്നു. രണ്ടുമാസത്തില്‍ ഏറെയായി ഇവര്‍ ഇന്ത്യയില്‍ കഴിയുകയായിരുന്നു. ഇവരില്‍ ഏറെയും തീര്‍ത്ഥാടനത്തിനായി എത്തിയവരായിരുന്നു. ബി.എസ്.എഫ് അതിര്‍ത്തിയില്‍ എത്തിച്ച ഇവരെ പാക്‌സതാനി റേഞ്ചേഴ്‌സ് ഏറ്റുവാങ്ങി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ പരിശോധനകള്‍ക്കു ശേഷം ലഹോറിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ 72 മണിക്കൂര്‍ പാര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

ഛത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ കുടുങ്ങിപ്പോയവരെയാണ് തിരികെ അയച്ചത്. മാര്‍ച്ച് 20 മുതല്‍ ഏകദേശം 400 പാകിസ്താന്‍ പൗരന്മാരെ തിരിച്ചയച്ചുകഴിഞ്ഞു.