ഛത്തീസ് ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് (ജെ) നേതാവുമായ അജിത് ജോഗി അന്തരിച്ചു

by

റായ്പുര്‍: (www.kvartha.com 29.05.2020) ഛത്തീസ് ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് (ജെ) നേതാവുമായ അജിത് ജോഗി (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ആശുപത്രിയില്‍ ചികിത്സയിലിരിക്കയാണ് അന്ത്യം.

പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളര്‍ന്നുവീണ ജോഗിയെ കഴിഞ്ഞ ദിവസമാണ് ശ്രീനാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയോടു ശരീരം പ്രതികരിച്ചിരുന്നില്ല. ശ്വാസതടസമുള്ളതിനാല്‍ തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്തുന്നതും തടസ്സപ്പെട്ടിരുന്നു. നിലവില്‍ മര്‍വാഹി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. ഭാര്യ: ഡോ. രേണു. മകന്‍: അമിത് ജോഗി. മരുമകള്‍: റിച്ച.

https://1.bp.blogspot.com/-nxWc1_GNSWQ/XtDoQyFLvCI/AAAAAAAB1P0/Sgq5CUe9lwkbRTqGscYFkOhLk0jQREzCACLcBGAsYHQ/s1600/Ajith-JOgi.jpg

ഛത്തീസ്ഗഡ് കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്നു അജിത് ജോഗി. ഐഎഎസില്‍ നിന്നു രാജിവച്ചാണ് കോണ്‍ഗ്രസ് അംഗമായി രാജ്യസഭയിലെത്തിയത്. ജില്ലാ കലക്ടറെന്ന നിലയിലുള്ള മിടുക്ക് കണ്ടു രാജീവ് ഗാന്ധിയാണ് ഇദ്ദേഹത്തെ രാഷ്ട്രീയത്തിലെത്തിച്ചത്. സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഛത്തീസ്ഗഡിലെ ആദ്യ മുഖ്യമന്ത്രിയായി.

2016 ല്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു. അപകടം മൂലം വര്‍ഷങ്ങളായി ചക്രക്കസേരയില്‍ ഇരുന്നായിരുന്നു പൊതുപ്രവര്‍ത്തനം. സംസ്ഥാനം രൂപീകരിച്ച ശേഷമുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിനെ നയിച്ച ജോഗി 'ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ്' എന്ന സ്വന്തം പാര്‍ട്ടിയുമായാണു കഴിഞ്ഞതവണ രംഗത്തിറങ്ങിയത്.

നാടകീയതകള്‍ ധാരാളമുള്ളതാണു ജോഗിയുടെ ജീവിതം. നെഹ്‌റുഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തി. ഛത്തീസ്ഗഡ് രൂപീകരിച്ചപ്പോള്‍ ആദ്യ മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന് വേറൊരാളെ അന്വേഷിക്കേണ്ടതില്ലായിരുന്നു. തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയ മുഖ്യമന്ത്രി വളരെപ്പെട്ടെന്നു വിവാദങ്ങളുടെ ചുഴിയില്‍പ്പെട്ടു.

അനധികൃത സ്വത്തുസമ്പാദനം മുതല്‍ മോഷണവും കൊലപാതകവും വരെ ആരോപണങ്ങളായി. ബിജെപി എംഎല്‍എമാരെ വിലയ്ക്കു വാങ്ങാന്‍ ശ്രമിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് 2003 ല്‍ പാര്‍ട്ടി പുറത്താക്കി. പിന്നീട് തിരിച്ചെടുത്ത് 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടുമൊരവസരം നല്‍കി. അപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

തെരഞ്ഞെടുപ്പു പ്രചാണത്തിനിടെയുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായപ്പോള്‍ പുറത്തു കാത്തുനിന്നവരില്‍ സോണിയ ഗാന്ധിയുമുണ്ടായിരുന്നു. 2016 ല്‍ മകന്‍ അമിത് ജോഗിയെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണു ജോഗി കോണ്‍ഗ്രസ് വിട്ടത്. ബിജെപി സ്ഥാനാര്‍ഥിയുടെ ജയത്തിനായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ ജോഗിയും മകനും ശ്രമം നടത്തിയെന്ന ഓഡിയോ പുറത്തായതിനെ തുടര്‍ന്നായിരുന്നു ഇത്. പക്ഷേ കോണ്‍ഗ്രസിനെ എതിര്‍ക്കും, ഗാന്ധി കുടുംബത്തിനെതിരെ ഒരക്ഷരം മിണ്ടില്ല എന്നായിരുന്നു അജിത് ജോഗിയുടെ പ്രഖ്യാപിത നയം.

ചക്രക്കസേരയില്‍ സംസ്ഥാനം മുഴുവന്‍ പര്യടനം നടത്തിയ അദ്ദേഹം റാലികളുടെയും യോഗങ്ങളുടെയും എണ്ണത്തില്‍ റെക്കോര്‍ഡിട്ടു. 2018 ല്‍ മായാവതിയുടെ ബിഎസ്പിയുമായും സിപിഐയുമായും സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജോഗിക്ക് പക്ഷേ പ്രതീക്ഷിച്ചതുപോലെ അധികാരത്തിലെത്താനായില്ല.

മര്‍വാഹി സംവരണ മണ്ഡലത്തില്‍നിന്ന് അജിത് ജോഗിയും കോട്ട മണ്ഡലത്തില്‍ നിന്ന് ഭാര്യ രേണുവും വിജയിച്ചു. ജോഗി വേറെ പാര്‍ട്ടിയുണ്ടാക്കിയശേഷവും രേണു കോണ്‍ഗ്രസ് എംഎല്‍എയായി തുടരുകയായിരുന്നു. 2018 ല്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാതിരുന്നതോടെ പാര്‍ട്ടിവിട്ട രേണു ഭര്‍ത്താവിന്റെ പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. ചെന്നൈയിലെ വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ രേണു, ജോഗിയുടെ നാട്ടില്‍ ഗ്രാമീണ സേവനത്തിനെത്തിയപ്പോഴാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും പിന്നീടു വിവാഹം കഴിച്ചതും.

'രാഷ്ട്രീയ വൈവിധ്യ'മായിരുന്നു ജോഗി കുടുംബത്തിന്റെ മറ്റൊരു പ്രത്യേകത. ജോഗിയും മകന്‍ അമിത്തും ജെസിസിയില്‍. എംഎല്‍എ കൂടിയായ ഭാര്യ രേണു ജോഗി കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു. 2018 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് രേണു ജോഗിയുടെ പാര്‍ട്ടിയിലെത്തിയത്. കോട്ടയില്‍ മത്സരിച്ചു ജയിക്കുകയും ചെയ്തു. അമിത്തിന്റെ ഭാര്യ റിച്ച ബിഎസ്പി എംഎല്‍എയാണ്.

Keywords: Ajit Jogi, Former Chief Minister Of Chhattisgarh, Dies At 74, News, Politics, Leader, Dead, Obituary, Congress, Chief Minister, National.