ലോക് ഡൗണ്‍ നാലാംഘട്ടം ഞായറാഴ്ച അവസാനിക്കുന്നു; രാജ്യം ഇനി അഞ്ചാംഘട്ടത്തിലേക്ക്? അമിത് ഷ പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി

by

ന്യൂഡെല്‍ഹി: (www.kvartha.com 29.05.2020) ദേശീയ ലോക്ക് ഡൗണിന്റെ നാലാം ഘട്ടം ഞായറാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. മുഖ്യമന്ത്രിമാരുമായി കഴിഞ്ഞദിവസം ലോക് ഡൗണ്‍ സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് സംസാരിച്ച ആഭ്യന്തരമന്ത്രി വെള്ളിയാഴ്ച രാവിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്.

ചര്‍ച്ചയില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവ് വേണം എന്ന നിലപാടാണ് പല സംസ്ഥാനങ്ങളും പ്രകടിപ്പിച്ചത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ അന്താരാഷ്ട്ര വിമാനസര്‍വീസ് ഉടനെ വേണ്ടെന്ന നിലപാടാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും സ്വീകരിച്ചത്. അതേസമയം സ്‌കൂളുകള്‍ അടുത്ത ഒരു മാസത്തില്‍ തുറക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്ന നിര്‍ദേശം ചില സംസ്ഥാനങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

https://1.bp.blogspot.com/-EBjO7yuuJUY/XtDdXCpzUGI/AAAAAAAB1Pk/Wr95ag9JWDM45COvw4ldavjfEfXu2ONJACLcBGAsYHQ/s1600/Modi-and-Sha.jpg

പുതുക്കിയ മാര്‍ഗനിര്‍ദേശം ഉടന്‍ കേന്ദ്രം പുറത്തിറക്കുമെന്നാണ് സൂചന. രാജ്യത്തെ പൊതുസ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മന്‍ കി ബാത്ത് പരിപാടിയില്‍ വിശദീകരിക്കും. രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എഴുപത് ശതമാനവും അഞ്ചോ ആറോ സംസ്ഥാനങ്ങളിലാണ് എന്നതിനാല്‍ തീവ്രബാധിത മേഖലകളില്‍ നിയന്ത്രണം തുടരാനാണ് സാധ്യത.

ലോക്ക് ഡൗണ്‍ തുടരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്തായാലും രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കവേ ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Keywords: Lockdown 5.0 or Exit Blueprint? Amit Shah Meets PM Modi at 7 Lok Kalyan Marg, Day After Holding Talks With CMs, New Delhi, News, Police, Prime Minister, Chief Minister, Meeting, Flight, Maharashtra, National.