ബ്രേക്കില്‍ കാലെത്താത്ത മകന്‍ കാറോടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് പിതാവ്; കണക്കിന് കൊടുത്ത് യൂട്യൂബ് അടക്കമുള്ള നവമാധ്യമങ്ങള്‍
by kvartha preജാര്‍ഖണ്ഡ്: (www.kvartha.com 29.05.2020) ബ്രേക്കില്‍ കാലെത്താത്ത മകന്‍ കാറോടിക്കുന്ന വീഡിയോ യൂട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പിതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ജാര്‍ഖണ്ഡിലെ ധന്‍ബാദ് സ്വദേശി കരുണേഷ് കൗശല്‍ എന്ന യൂട്യൂബറാണ് തന്റെ മകന്‍ കാറോടിക്കുന്ന വീഡിയോ നാലാളെ അറിയിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പോരേ പൂരം പുറം കാഴ്ച പോലും കാണാന്‍ കഴിയാത്ത കുഞ്ഞിന്റെ കയ്യില്‍ വളയം പിടിക്കാന്‍ കൊടുത്തതിന് കണക്കിന് കിട്ടി ആ പിതാവിന്.
ഏകദേശം പത്തുവയസ് തോന്നിപ്പിക്കുന്ന കുട്ടി ടാറ്റ നെക്‌സോണ്‍ ഓടിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. കുട്ടി ബ്രേക്കിലേക്കും ക്ലച്ചിലേക്കും വളരെ ബുദ്ധിമുട്ടിയാണ് കാല്‍ എത്തിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാവുന്നുണ്ട്. തിരക്കില്ലാത്ത റോഡാണെങ്കിലും പൊതു നിരത്തിലൂടെയാണ് കുട്ടി വാഹനം ഓടിക്കുന്നത് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. വാഹനത്തിന്റെ പിന്‍സീറ്റില്‍ മറ്റൊരു കുട്ടിയുമുണ്ടെന്നും വിഡിയോയില്‍ കാണാം.
തീരെ ചെറിയ കുട്ടികള്‍ വാഹനമോടിക്കുമെന്നത് വലിയ നേട്ടമായി കാണുന്നവരാണ് പല രക്ഷിതാക്കളും. കുട്ടികളെക്കൊണ്ട് വാഹനം ഓടിപ്പിച്ച് അതിന്റെ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന പ്രവണതയും പതിവാണ്. ഇതിനെതിരെ നിയമനടപടിയും ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റു യാത്രക്കാരുടേയും ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ കര്‍ശനശിക്ഷ ലഭിക്കുന്ന കുറ്റവുമാണ്.
കുട്ടികള്‍ വാഹനമോടിച്ച് അപകടം വരുത്തിയാലുണ്ടാകുന്ന ഭവിഷത്തിനെക്കുറിച്ചുള്ള അറിവില്ലായ്മയോ തങ്ങള്‍ നിയമത്തിന് അതീതരാണെന്ന ചിന്തയോ ആകാം രക്ഷിതാക്കളുടെ ഇത്തരം പ്രവര്‍ത്തികള്‍ക്കു പിന്നില്‍. നേരത്തേ കുട്ടികള്‍ വണ്ടിയോടിച്ചാല്‍ പിഴ മാത്രമായിരുന്നു ശിക്ഷ. എന്നാല്‍ പുതിയ ഗതാഗതനിയമം അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് രക്ഷിതാവിനോ, വാഹന ഉടമയ്‌ക്കോ 25,000 രൂപ പിഴയും മൂന്നു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.
Keywords: Boy drive a tata nexon, News, Video, Social Network, YouTube, Criticism, Son, National.