നിലവിൽ സാമൂഹിക വ്യാപനം ഇല്ല ; സമ്പർക്കം വഴിയുള്ള രോഗപകർച്ച വളരെ കുറവ് : കെ കെ ശൈലജ
by വെബ് ഡെസ്ക്തിരുവനന്തപുരം> സംസ്‌ഥാനത്ത് നിലവിൽ കോവിഡ് 19 സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല എന്നും എന്നാൽ നാളെ അതുണ്ടാവില്ല എന്ന് തീർത്ത് പറയാൻ ഇപ്പോൾ പറ്റികയില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാനുള്ള കനത്ത ജാഗ്രതയിലാണ് സംസ്‌ഥാനം. നിലവിൽ സാമൂഹിക വ്യാപനം സംശയിക്കുന്ന തക്ക ക്ലസ്‌റ്ററുകൾ കേരളത്തിലില്ല. സമ്പർക്കം വഴിയുള്ള രോഗപകർച്ച വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു.
സാമൂഹിക വ്യാപനം പരിശോധിക്കാനായി കോവിഡ് ടെസ്‌റ്റുകളുടെ എണ്ണം കൂട്ടുന്നുണ്ട് . കൂടാതെ കേരളത്തിൽ ന്യൂമോണിയ രോഗം കൂടുതലായി സ്‌ഥിരീകരിക്കുന്ന പ്രദേശങ്ങൾ ഉണ്ടെങ്കിൽ അവിടേയും പ്രത്യേക ശ്രദ്ധ നൽകും.
കോവിഡ് ബാധിച്ച് ഇന്ന് മരിച്ച തിരുവല്ല സ്വദേശി ജോഷി കഴിഞ്ഞ 18 മുതൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ11നാണ് ദുബായിയിൽനിന്ന് തിരിച്ചെത്തിയത്. കടുത്ത പ്രമേഹരോഗികൂടിയായിരുന്നു. സാധ്യമായ ചികിത്സകൾ നൽകിയിട്ടും അദ്ദേഹത്തെ രക്ഷിക്കാനായില്ല.
ആദ്യഘട്ടത്തിൽ ഇറ്റലിയിൽനിന്നുള്ള രോഗബാധിതർ ഇവിടെ വരുമ്പോൾ അവിടെ രോഗം അത്രമാത്രം പടർന്നിരുന്നില്ല. അന്ന് രോഗം ബാധിച്ചവരെയെല്ലാം ചികിത്സിച്ച് ഭേദമാക്കാനായി. എന്നാൽ ഇന്ന് അതല്ല സ്‌ഥിതി.ഗൾഫ്‌മേഖലയിലടക്കം രോഗവ്യാപനം കൂടുതലാണ്. മെയ് 7ന് ശേഷം രോഗികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ട്. രോഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്കയില്ല എന്നാൽ പലരും അവശരായാണ് എത്തുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡ് രോഗികൾക്ക് സൗജന്യ ചികിത്സ തുടരുമെന്നും മന്ത്രി അറിയിച്ചു.