കൊറോണക്കിടെ യെദ്യൂരപ്പക്ക് തലവേദന സൃഷ്ടിച്ച് കര്‍ണാടക ബിജെപിയില്‍ വിമത നീക്കം

https://www.mathrubhumi.com/polopoly_fs/1.4544405.1582141047!/image/image.png_gen/derivatives/landscape_894_577/image.png

ബെംഗളൂരു: കൊറോണ വൈറസ് മഹമാരിക്കെതിരെ പോരാടുന്ന ഘട്ടത്തില്‍ കര്‍ണാക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പക്ക് തലവേദനയായി സ്വന്തം പാര്‍ട്ടിയിലെ വിമതനീക്കം. മുന്‍ മന്ത്രി ഉമേഷ് കാട്ടിയുടെ നേതൃത്വത്തില്‍ ഇരുപതോളം എംഎല്‍എമാരാണ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. ഇവരില്‍ മിക്കവരും വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ്.

ബെല്‍ഗാം ജില്ലയില്‍നിന്നുള്ള ശക്തനായ ലിംഗായത്ത് നേതാവു കൂടിയായ കാട്ടി വ്യാഴാഴ്ച രാത്രി 20 എംഎല്‍എമാര്‍ക്ക് അത്താഴ വിരുന്നൊരുക്കി പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി യെദ്യൂരപ്പയുമായി വ്യത്യസ്ത കാരണങ്ങളുടെ പേരില്‍ അഭിപ്രായ വ്യത്യാസമുള്ളവരാണ് മിക്കവരും.

യെദ്യൂരപ്പ പ്രവര്‍ത്തനരീതി മാറ്റണം, എട്ടു തവണ എംഎല്‍എ ആയിട്ടുള്ള ഉമേഷ് കാട്ടിക്ക് കാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനം നല്‍കുക, ഉമേഷ് കാട്ടിയുടെ സഹോദരന്‍ രമേശ് കാട്ടിക്ക് രാജ്യസഭാ അംഗത്വം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് വിമതര്‍ ഉയര്‍ത്തുന്നത്.

എംഎല്‍എമാര്‍ യോഗം ചേര്‍ന്നതോടെ അന്ധാളിപ്പിലായ യെദ്യൂരപ്പ ഉമേഷ് കാട്ടിയോട് വിദശീകരണം തേടുകയും വിളിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്.

മറ്റൊരു മുതിര്‍ന്ന ലിംഗായത്ത് എംഎല്‍എയും മുന്‍ കേന്ദ്ര മന്ത്രിയുമായ ബി.ആര്‍ പാട്ടീല്‍ സര്‍ക്കാര്‍ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ യെദ്യൂരപ്പയുമായി കൊമ്പുകോര്‍ത്തിരിക്കുകയാണ്. പാട്ടീലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണ് നിലവില്‍ കര്‍ണാടക ബിജെപി. 

ബിജെപിയിലെ വിമത നീക്കങ്ങള്‍ കോണ്‍ഗ്രസും ജെഡിഎസും മുതലെടുക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നുണ്ട്.

Content Highlights: Karnataka- Yediyurappa Faces Another Battle as 20 Miffed MLAs Flex Muscles