ഇന്ത്യ-ചൈന സംഘര്‍ഷം: സംഭവിക്കുന്നതെന്തെന്ന് കേന്ദ്രം രാജ്യത്തെ അറിയിക്കണമെന്ന് രാഹുല്‍

https://www.mathrubhumi.com/polopoly_fs/1.696528.1533644915!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് കോണ്‍ഗ്രസ് എം.പി.രാഹുല്‍ ഗാന്ധി. ഈ വിഷയത്തില്‍ തുടരുന്ന മൗനം അനിശ്ചിതത്വത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. 

ലഡാക്കിലെ നിലവിലെ സാഹചര്യവും ചൈനയുമായുളള സംഘര്‍ഷവും ഗൗരവമേറിയ ദേശീയ ആശങ്കയാണെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് കോണ്‍ഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

'ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തുടരുന്ന നിശബ്ദത ഈ കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ വലിയ ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതാവസ്ഥയ്ക്കും ആക്കംക്കൂട്ടുന്നതാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഇന്ത്യയോട് കൃത്യമായി പറയണം.' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 

സമാനമായ അഭ്യര്‍ഥന ചൊവ്വാഴ്ചയും രാഹുല്‍ ഗാന്ധി നടത്തിയിരുന്നു. ഈ സംഭവത്തില്‍ സുതാര്യത വേണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രതികരിക്കണമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. 

'അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കേന്ദ്രം ജനങ്ങളോട് പറയണം. ഞങ്ങള്‍ പലതരത്തിലുള്ള കഥകളാണ് കേള്‍ക്കുന്നത്. അതുകൊണ്ട് യാതൊരുതരത്തിലുമുള്ള ഊഹാപോഹത്തിന് എനിക്ക് താല്പര്യമില്ല. എന്നാല്‍ അതിര്‍ത്തിയില്‍ എന്താണ് നടക്കുന്നത് എന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. അങ്ങനെവന്നാല്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.' രാഹുല്‍ പറഞ്ഞു.

Content Highlights:India-China tensions: Centre must come clean and tell India exactly what’s happening: Rahul Gandhi