ആഗോള കൊറോണ വൈറസ് പട്ടികയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്ത് ; മരണ സംഖ്യയില്‍ ചൈനയെ മറികടന്നു

by
https://jaihindtv.in/wp-content/uploads/2020/05/Covid-India-1.jpg

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലും കൊവിഡ് മരണങ്ങളിലും റെക്കോർഡ് വർധനവ്. രോഗബാധിതരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ കൊവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഒമ്പത് ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 7466 പേർക്കാണ്. 175 പുതിയ മരണങ്ങളും കഴിഞ്ഞ മണിക്കൂറുകളില്‍ രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 1,65,799 ലേക്ക് ഉയർന്നു. 4,706 കൊവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

മരണ സംഖ്യയില്‍ ചൈനയെക്കാള്‍ മുകളിലാണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയില്‍ 4766 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട മരണസംഖ്യയേക്കാള്‍ കൂടുതലാണ് ഇത്. ചൈനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണം 4638 ആണ്. 1,65,799 കൊവിഡ് രോഗികളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട രോഗികളുടെ എണ്ണം 84,106 ആണ്. രോഗികളുടെ എണ്ണത്തില്‍ ചൈന ഇപ്പോഴുള്ളത് പതിനാലാം സ്ഥാനത്താണ്. അതേസമയം ഈ പട്ടികയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണുള്ളത്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത്. 17 ലക്ഷം ആളുകള്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. ഒരു ലക്ഷത്തിലേറെ പേരാണ് അമേരിക്കയില്‍ കൊവിഡ് കാരണം മരിച്ചത്. ബ്രസീല്‍, റഷ്യ, യുകെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നിവയാണ് ഇന്ത്യയേക്കാള്‍ രോഗികളുള്ള മറ്റ് രാജ്യങ്ങള്‍. മരണസംഖ്യയിലും ചൈനയെ പിന്തള്ളി  ഇന്ത്യ പതിമൂന്നാം സ്ഥാനത്താണുള്ളത്. കാനഡയും നെതര്‍ലന്‍ഡ്‌സുമാണ് പതിനൊന്നും പന്ത്രണ്ടും സ്ഥാനങ്ങളില്‍ ഉള്ളത്.

രാജ്യത്ത് കൊവിഡ് ടെസ്റ്റുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതിന്‍റെ ആവശ്യകത രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ കാര്യക്ഷമമായ നടപടികള്‍ ഇനിയും കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. രാജ്യത്ത് സ്ഥിതി ഗുരുതരമാകുകയാണെന്നാണ് ഓരോ ദിവസത്തെയും കൊവിഡ് കണക്കുകള്‍ വ്യക്തമാക്കുന്നത്.