'ഇവിടത്തെ മാധ്യമങ്ങളെക്കാളും ഇന്ത്യയില്‍ അവര്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ട്,' ഇന്ത്യ-ചൈന തര്‍ക്കത്തില്‍ മോദി നല്ല മൂഡിലല്ലെന്നും ട്രംപ്
by ന്യൂസ് ഡെസ്ക്വാഷിംഗ്ടണ്: ഇന്ത്യ-ചൈന തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു വിഭാഗവും തയ്യാറാണെങ്കില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാം എന്നാണ് ട്രംപ് പറഞ്ഞത്.
ഒപ്പം ഇന്ത്യക്കാര്‍ തന്നെ ഇഷ്ടപ്പെടുന്നതായും അമേരിക്കയിലെ മാധ്യമങ്ങളേക്കാളും അവര്‍ തന്നെ ഇഷ്ടപ്പെടുന്നെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു.
‘ ഇന്ത്യയില്‍ അവര്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ട്. എനിക്ക് തോന്നുന്നത് ഇവിടത്തെ മാധ്യമങ്ങളേക്കാളും ഇന്ത്യയില്‍ അവര്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നാണ്. എനിക്ക് മോദിയെയും ഇഷ്ടമാണ്,’ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ചൈനയുമായുള്ള തര്‍ക്ക വിഷയത്തില്‍ മോദി നല്ല മൂഡിലല്ലെന്നും ട്രംപ് പറഞ്ഞു.
‘ ഞാന്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചിട്ടുണ്ട്. ചൈനയുമായി നടന്നു കൊണ്ടിരിക്കുന്ന വിഷയത്തില്‍ അദ്ദേഹം നല്ല മൂഡിലല്ല,’ ട്രംപ് പറഞ്ഞു.
എന്നാല്‍ ട്രംപ് മധ്യസ്ഥത വഹിക്കാമെന്ന് ഇന്ത്യയെ അറിയിച്ചിട്ടില്ലെന്നാണ് വിദേശ കാര്യമന്ത്രാലയം പറയുന്നത്. ഹൈഡ്രോക്‌സി ക്ലോറോക്വിമന്‍ കയറ്റു മതിയുമായി ബന്ധപ്പെട്ട് ഏപ്രില്‍ നാലിനാണ് മോദിയും ട്രംപും തമ്മില്‍ സംസാരിച്ചതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യ-ചൈന തര്‍ക്കത്തില്‍ പ്രശ്‌നപരിഹാരത്തിന് തയ്യാറെന്ന് ട്രംപ് അറിയിച്ചത്. ഇന്ത്യയും ചൈനയും തമ്മില്‍ ഉയര്‍ന്നു വന്നിരിക്കുന്ന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ഇരു രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നത്.
നേരത്തെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇത് തിരസ്‌കരിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക