https://assets.doolnews.com/2020/05/shylaja-399x227.jpg

കേരളത്തില്‍ സമൂഹവ്യാപനമില്ല; രോഗികളായി സംസ്ഥാനത്ത് എത്തുന്ന പലരും അവശനിലയിലെന്നും മന്ത്രി

by

തിരുവനന്തപുരം: നിലവില്‍ സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഭാവിയില്‍ അതുണ്ടാവില്ലെന്ന് പറയാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഓരോ ദിവസവും 3000 ത്തിനടുത്ത് ടെസ്റ്റുകള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗള്‍ഫില്‍ നിന്ന് പത്തനംതിട്ടയിലെത്തിയ കൊവിഡ് ബാധിച്ച തൊടുപുഴ സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നെന്നും
എന്നാല്‍ അദ്ദേഹത്തിന് കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതിനാല്‍ തന്നെ രക്ഷിക്കാനായില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡിന്റെ അടുത്ത വേവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മെയ് 7 വരെ കേരളത്തില്‍ 512 രോഗികളേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് മരണങ്ങള്‍ അന്ന് സംഭവിച്ചിരുന്നു. ബാക്കിയെല്ലാവരേയും അസുഖം ഭേദമാക്കി വീട്ടിലേക്ക് അയക്കാന്‍ സാധിച്ചു.

എന്നാല്‍ ഗതാഗത സംവിധാനങ്ങള്‍ പുനസ്ഥാപിച്ചപ്പോള്‍ ആകാശമാര്‍ഗവും റോഡ് മാര്‍ഗവും കപ്പല്‍ മാര്‍ഗവും ആളുകള്‍ വരാന്‍ തുടങ്ങി.
ഇപ്പോള്‍ വരുന്നവര്‍ കൂടുതലായി രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍ നിന്നാണ്.

നമ്മുടെ രാജ്യത്ത് തന്നെ മുംബൈയൊക്കെ വലിയ വൈറസ് ബാധിത ഇടമായി. ചെന്നൈയില്‍ നിന്നും വരുന്നവരില്‍ വലിയൊരു ശതമാനവും പോസിറ്റീവാണ്. അതുകൊണ്ടാണ് സംസ്ഥാനത്ത് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത്.

മാത്രമല്ല രോഗികളായി എത്തുന്ന പലരും അവശ നിലയിലാണ്. മഹാരാഷ്ട്രയില്‍ നിന്നും മലപ്പുറത്ത് എത്തിയ സ്ത്രീയെ ചികിത്സിക്കാന്‍ കൂടി കഴിഞ്ഞില്ല. അതിന് മുന്‍പ് തന്നെ മരിച്ചു പോയി. ആരും മരണപ്പെടാതെ രക്ഷപ്പെടുത്താനുള്ള കഠിന ശ്രമമാണ് നടത്തുന്നത്. മരണനിരക്ക് കുറച്ചുകൊണ്ടുവരാന്‍ തന്നെയാണ് ശ്രമം.

സംശയകരമായ കേസുകള്‍ എല്ലാം നേരെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കുന്നുണ്ട്. പഴുതടച്ച പ്രവര്‍ത്തനം തന്നെയാണ് നടത്തുന്നത്. രണ്ട് പേരില്‍ മാത്രമാണ് കൊവിഡ് ഉറവിടം കണ്ടെത്താന്‍ കഴിയാത്തത്. അത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക