https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/27/bevq-app-1-popy.jpg

തലതിരിഞ്ഞ ബുക്കിങ്, ‘ആപ്പിലായി’ ടോക്കൺ ജനറേറ്റർ, സംഭവിക്കുന്നതെന്ത്? ആർക്കറിയാം

by

കൊറോണവൈറസ് കാലത്ത് മദ്യത്തിന് ഇ ടോക്കൺ നല്‍കുന്നത് പുതിയ സംഭവമൊന്നുമല്ല. ഡൽഹിയിലും പഞ്ചാബിലും മദ്യത്തിന് ഓൺലൈൻ വഴി കൃത്യമായി തന്നെ ടോക്കൺ നൽകുന്നുണ്ട്. മിക്ക സംസ്ഥാനങ്ങളിലും ടോക്കൺ നൽകാൻ ആപ്പിന് പകരം വെബ്സൈറ്റിന്റെ സേവനമാണ് തേടുന്നത്. എന്നാൽ, കേരളത്തിൽ ടോക്കൺ ജനറേറ്റ് ചെയ്യാൻ അവതരിപ്പിച്ച ബവ്ക്യൂ ആപ്പിന്റെ ബുക്കിങ് സമയവും മറ്റുവിവരങ്ങളുമെല്ലാം തലതിരിഞ്ഞാണ് നടക്കുന്നത്. മാത്രമല്ല, ആപ് ഏകദേശം മുഴുവൻ സമയവും പണിമുടക്കുകയും ചെയ്തു.

പകൽ സമയത്ത് ടോക്കൺ നൽകുമെന്ന് പറഞ്ഞിരുന്ന ആപ് തന്നെ ഇപ്പോൾ പുലർച്ചെ മൂന്നു മണിക്ക് വരെ എഴുന്നേറ്റ് മദ്യത്തിന് ടോക്കൺ എടുക്കാൻ പറയുകയാണ്. ആപ് പുറത്തിറക്കും മുൻപെ പറഞ്ഞിരുന്നത് ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് വേണ്ട ഔട്‌ലറ്റും സമയവും തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും എന്നായിരുന്നു. എന്നാല്‍, ഇപ്പോൾ എല്ലാം തലതിരിഞ്ഞാണ് ടോക്കൺ നൽകുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് വരുന്നത്. അതേസമയം, മദ്യത്തിന് ടോക്കൺ നൽകാൻ നിർമിച്ച ആപ് കേവലം ടോക്കൺ ജനറേറ്റർ മാത്രമാണെന്നും ആരോപണമുണ്ട്. ഇത്രയും വലിയ സംവിധാനങ്ങളോടെ പുറത്തിറങ്ങിയ ആപ് വഴി മിക്ക ഉപയോക്താക്കൾക്കും കൃത്യമായി ഒടിപിയോ ടോക്കണോ ലഭിക്കുന്നില്ല.

ബവ്ക്യൂ ആപ്പിൽ ബുക്ക് ചെയ്യുമ്പോൾ ഏത് കട അഥവാ ബാറിലേക്ക് ആ ഓർഡർ പോകണമെന്ന് സോഫ്റ്റ്‍വെയർ തീരുമാനിക്കുന്നത് എങ്ങനെയെന്നതു ദുരൂഹമാണ്. സ്റ്റാർട്ടപ് മിഷൻ പ്രസിദ്ധീകരിച്ച ‌ടെക്നിക്കൽ പ്രപ്പോസലിൽ ഉപയോക്താവിനു മദ്യശാല തിരഞ്ഞെടുക്കാൻ ഓപ്ഷൻ വേണമെന്നു നിർദേശിച്ചിരുന്നു. എന്നാൽ ആപ്പിൽ ഇത്തരമൊരു സേവനമില്ലെന്നു മാത്രമല്ല ഏതു മദ്യശാലയാണെന്നു തീരുമാനിക്കുന്നതു പ്ലാറ്റ്ഫോം സ്വയമാണ്.

ഒന്നിലധികം ബാറുകളുള്ള സ്ഥലങ്ങളിൽ ബുക്ക് ചെയ്യുമ്പോൾ നിശ്ചിത ബാറിലേക്ക് അല്ലെങ്കിൽ ഔട്‌ലെറ്റിലേക്ക് എങ്ങനെയാണു ടോക്കൺ ജനറേറ്റ് ചെയ്യുന്നതെന്നു വ്യക്തമല്ല. കടകൾ തിരഞ്ഞെടുക്കുന്ന കംപ്യൂട്ടർ അൽഗോരിതം പുറത്തുവിടണമെന്നും ആവശ്യം ഉയരുന്നുണ്ട്. പലർക്കും വളരെയകലെയുള്ള സ്ഥലങ്ങളിലെ ഔട്‌ലെറ്റുകളോ ബാറുകളോ ആണു ലഭിക്കുന്നത്.

സ്റ്റാർട്ടപ് മിഷൻ ആവശ്യപ്പെട്ടത്

സ്റ്റാർട്ടപ് മിഷൻ മേയ് 7നു തയാറാക്കിയ ടെക്നിക്കൽ പ്രപ്പോസലിൽ ആവശ്യപ്പെട്ട ഫീച്ചറുകൾ ഇവ:

∙ പിൻകോഡ് നൽകിയോ ജില്ല നൽകിയോ സമീപത്തുള്ള മദ്യശാലകൾ തിരഞ്ഞെടുക്കാൻ അവസരം.

∙ Earliest Slot Wise Search: സോഫ്‍റ്റ്‍വെയർ തന്നെ തൊട്ടടുത്തുള്ള കടകളിൽ ഉടൻ ലഭ്യമായ ടൈം സ്ലോട്ടുകൾ നൽകി തനിയെ ടോക്കൺ ജനറേറ്റ് ചെയ്യുന്നു

∙ Shop Wise Search: സമീപത്തുള്ള മദ്യശാല തിരഞ്ഞെടുക്കാൻ അവസരം. ലഭ്യമായ ടൈം സ്ലോട്ടുകളിൽ നിന്ന് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം.

എന്നാൽ, ജിപിഎസ് ലൊക്കേഷൻ, മദ്യശാലയിലേക്കുള്ള ദൂരം, പിൻകോഡ് എന്നിവ ഉപയോഗിച്ചുള്ള റാൻഡം തിരഞ്ഞെടുപ്പിലൂടെയാണു ടോക്കൺ ജനറേറ്റ് ചെയ്യുന്നത് എന്നാണ് ആപ് നിർമാതാക്കളായ ഫെയർകോഡ് പറയുന്നത്.

സാങ്കേതിക തടസ്സങ്ങൾക്കിടയിലും മൊബൈൽ ആപ് വഴിയും എസ്എംഎസ് വഴിയും ആദ്യ ദിവസം ബവ്ക്യൂ വെർച്വൽ ക്യൂവിൽ റജിസ്റ്റർ ചെയ്തത് 15 ലക്ഷം പേർ. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു മാത്രം വ്യാഴാഴ്ച വൈകിട്ട് 6 വരെ ആപ് ഡൗൺലോഡ് ചെയ്തത് 9 ലക്ഷം പേരാണ്. ഗൂഗിൾ പ്ലേ സ്റ്റോഫിലെ ഫുഡ് ആൻഡ് ഡ്രിങ്ക് വിഭാഗത്തിൽ ബവ്ക്യൂ ഇന്നലെ ഒന്നാമതെത്തി. സൊമാറ്റോ, ഡൊമിനോസ്, കെഎഫ്സി തുടങ്ങിയവയുടെ ആപ്പുകൾ ഇതിനു താഴെയാണ്. 

ബവ്ക്യൂവിൽ തിരക്ക് നിയന്ത്രണാതീതമായപ്പോൾ ഉച്ചയ്ക്ക് ഒന്നിന് ബുക്കിങ് അവസാനിപ്പിച്ചു. എല്ലാ ദിവസവും രാവിലെ 6 മുതൽ രാത്രി 10 വരെയാണ് ബുക്കിങ്ങെങ്കിലും തിരക്ക് നിയന്ത്രിക്കാനാണ് ഇന്നലെ ഉച്ചയ്ക്ക് അവസാനിപ്പിച്ചത്. ഇന്നു മുതൽ രാത്രി 10 വരെ ബുക്കിങ് തുടരുമെന്നു കമ്പനി അധികൃതർ അറിയിച്ചു.

English Summary : Inverted booking, What's happening with Bev Q token generator?