https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/27/bevq-app-1-popy.jpg

ബവ്ക്യൂ ആപ് പൂർണമായും പണിമുടക്കി; വീണ്ടും ‘കുടി’ മുട്ടുമോ?

by

കൊച്ചി ∙ ബവ്കോയുടെ മദ്യവിതരണത്തിനായി ഫെയർ കോഡ് ടെക്നോളജീസ് തയാറാക്കിയ ബവ്ക്യൂ ആപ് പൂർണമായും പണിമുടക്കി. ഇന്നു രാവിലെ ഒൻപതു മണിവരെ കണക്‌ഷൻ തകരാർ കാണിച്ച ആപ് ഒൻപതു മണിക്കു ശേഷം, ‘രാവിലെ ഒൻപതു മണി വരെ മാത്രമാണ് ബുക്കിങ് സമയം’ എന്നാണ് കാണിക്കുന്നത്. ഇതോടെ ആവശ്യക്കാർക്ക് ആർക്കും ബുക്ക് ചെയ്യാൻ സാധിച്ചിട്ടില്ല എന്നാണ് ബാറുകളിൽ നിന്നും ബവ്കോ ഔട്‍ലെറ്റുകളിൽനിന്നു ലഭിക്കുന്ന വിവരം.

ബവ്കോയുടെ മിക്ക ഔട്‍ലെറ്റുകളിലും രാവിലെ പത്തുമണി വരെ ഒരാൾ പോലും ടോക്കണുമായി എത്തിയിട്ടില്ല. ടോക്കണില്ലാതെ എത്തുന്നവരെ പൊലീസിനെ നിർത്തി ഓടിച്ചു വിടുകയുമാണ്. ബാറുകളിലാകട്ടെ ഇന്നലെ ഉച്ചയോടെ തന്നെ സ്റ്റോക്ക് തീർന്നു. ബാറുകളിൽ ഇതുവരെ മദ്യം എത്തിച്ചിട്ടുമില്ല. ഫലത്തിൽ മദ്യവിൽപന ഏതാണ്ട് പൂർണമായും സ്തംഭിച്ച സാഹചര്യമാണുള്ളത്. ബാറുകളിൽ ഇന്നലെ ഉച്ചയ്ക്കു േശഷം ചെന്നവർക്ക് ഒരു കുപ്പി പോലും ലഭിക്കാതെ മടങ്ങേണ്ടി വന്നു. ഇവിടെ ആകെയുള്ളത് ഏതാനും ബീയറുകളും വൈനുകളും മാത്രമാണെന്ന് കടലാസിൽ എഴുതി പതിപ്പിച്ചിട്ടുണ്ട്.

വൻകിട ബാറുകളിൽ ലഭ്യമാകുന്നത് ഉയർന്ന വിലയുടെ മദ്യമാണെന്നിരിക്കെ ഉപഭോക്താവിന് ഔട്‍ലെറ്റ് തിരഞ്ഞെടുക്കാൻ അനുവാദം നൽകാതെ ടോക്കൺ നൽകിയത് കനത്ത തിരിച്ചടിയായി. മിക്ക ബാറുകളിലും ആകെയുണ്ടായിരുന്നത് ലീറ്ററിന് നാലായിരവും അയ്യായിരവും രൂപ വിലവരുന്ന ബ്രാൻഡുകൾ മാത്രം. ഇതിൽ അധികവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തവ. സർക്കാർ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ച വിലയ്ക്കാണ് ഇറക്കുമതി ചെയ്ത മദ്യവും ഇവിടെ നിന്നുള്ള മദ്യവും വിൽപന നടത്തുന്നതെന്ന് ബാർ അധികൃതർ വ്യക്തമാക്കി.

മദ്യവിതരണത്തിന്റെ ആദ്യ ദിവസം പതിനഞ്ച് ലക്ഷം പേരാണ് റജിസ്റ്റർ ചെയ്തതെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെയുള്ള സാങ്കേതിക പ്രശ്നങ്ങളാണ് എന്നായിരുന്നു കമ്പനി അധികൃതരുടെ വിശദീകരണം. എന്നാൽ ദിവസം മുഴുവൻ നീണ്ട ആശയക്കുഴപ്പങ്ങൾക്കൊടുവിൽ ബവ് ക്യൂ ആപ് സാങ്കേതിക തകരാർ പരിഹരിച്ചതായി ഇന്നലെ രാത്രി ഫെയർ കോഡ് ടെക്നോളജീസ് അറിയിച്ചിരുന്നു. ഫലത്തിൽ ആ സമയവും ആപ് പ്രവർത്തന രഹിതമായിരുന്നു എന്നതാണ് വസ്തുത. ഒടിപി ലഭിക്കുന്നില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം നേരിട്ട പ്രധാന പരാതി.

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/29/liquor-man.jpg
കൈ നിറയെ...: സ്വന്തമായി വാങ്ങിയ മദ്യവും സുഹൃത്തിന്റേതും കൂടിയായപ്പോൾ പിടിക്കാൻ രണ്ടു കൈ പോരാതെയായി! ആലപ്പുഴ ചുങ്കത്തു നിന്നുള്ള കാഴ്ച. ചിത്രം: സജിത് ബാബു ∙ മനോരമ

ഈ പരാതി ഒഴിവാക്കാൻ പുതിയതായി മൂന്ന് സേവന ദാതാക്കളെ കണ്ടെത്തിയെന്നും വിശദീകരിച്ചിരുന്നു. നേരത്ത‌േ ഒരു സ്വകാര്യ കമ്പനിയായിരുന്നു സേവന ദാതാവെങ്കിൽ രണ്ടു കമ്പനികളെക്കൂടി അധികമായി ഒടിപി നൽകാൻ തിരഞ്ഞെടുത്തു എന്നാണ് അറിയിച്ചത്. എസ്എംഎസ് വഴി മദ്യം ബുക്ക്‌ ചെയ്യുന്നതിനും പ്രശ്നങ്ങൾ നേരിട്ടിരുന്നു. അതും ഇതോടെ പരിഹരിച്ചെന്ന് വ്യക്തമാക്കിയെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് മദ്യവിതരണ കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന വിവരം.

ആപ് വഴി മദ്യം ബുക്ക് ചെയ്യാൻ സാധിക്കാതെ വന്നതോടെ മദ്യാപാനികളും കടുത്ത നിരാശയിലാണ്. പലരും കമ്പനിയുടെ ഫെയ്സ്ബുക് പേജിൽ കയറിയാണ് പ്രതികരിക്കുന്നതെങ്കിൽ മദ്യശാലകൾക്കു മുന്നിലെത്തി രോഷം പ്രകടിപ്പിച്ചവരുമുണ്ട്. മദ്യവിതരണ കേന്ദ്രങ്ങളിൽ പലയിടത്തും പൊലീസിനെ നിർത്തിയിട്ടുള്ളതിനാൽ ടോക്കൺ ഇല്ലാതെ എത്തുന്നവരെ കൗണ്ടറിനടുത്തെത്താൻ അനുവദിക്കുന്നില്ല.

അങ്കമാലിയിൽ ഒരു ബാറിനു മുന്നിൽ ആളുകൾ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്ന് ലോക്ഡൗൺ ചട്ടം ലംഘിച്ചതിന് എക്സൈസ് കേസെടുത്തതായി എറണാകുളം റേഞ്ച് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്. ര‍ഞ്ജിത് അറിയിച്ചു. ടോക്കൺ ഇല്ലാതെ മദ്യം വിതരണം ചെയ്യുന്നതിന് സർക്കാരോ എക്സൈസോ നിർദേശിച്ചിട്ടില്ല. അങ്ങനെ മദ്യം വിതരണം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ നടപടിയെടുക്കും. അതേസമയം, കൺസ്യൂമർഫെ‍ഡിന്റെ ഒരു കൗണ്ടറിലേക്കും ടോക്കൺ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary: BevQ App not working