https://img.manoramanews.com/content/dam/mm/mnews/news/entertainment/images/2020/5/29/abhirami-suresh.jpg

ദയയില്ലാതെ ട്രോളിനിരയായി; ആരോഗ്യ സ്ഥിതിയെ പോലും പരിഹസിച്ചു: മറുപടി

by

സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ചവർക്ക് രൂക്ഷ ഭാഷയിൽ മറുപടി നൽകി യുവ ഗായിക അഭിരാമി സുരേഷ്. താടിയെല്ല് അല്‍പ്പം മുന്നോട്ടിരിക്കുന്ന പ്രോഗ്‌നാത്തിസം എന്ന അവസ്ഥയുടെ പേരിലാണ് അഭിരാമിയെക്കുറിച്ച് ട്രോളുകൾ പ്രചരിക്കുന്നത്. കഴിഞ്ഞയാഴ്ച വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ ഈ ആരോഗ്യ പ്രശ്നത്തെക്കുറിച്ചു ഗായിക തുറന്നു പറഞ്ഞിരുന്നു. ദയയില്ലാതെ ട്രോൾ ചെയ്യപ്പെട്ടയാളാണ് താൻ എന്നും ആരോഗ്യ സ്ഥിതി പോലും പരിഹസിക്കപ്പെട്ടു എന്നുമാണ് ഗായിക അഭിമുഖത്തിനിടയിൽ പറഞ്ഞത്. 

പതിനെട്ടു വയസു വരെ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ വിഷമിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിനോടു പൊരുത്തപ്പെട്ടു എന്നും പറഞ്ഞ അഭിരാമി, താടിയെല്ലിന്റ പ്രശ്നം പരിഹരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഗായികയ്ക്കു ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നത്. ചുണ്ടിനടിയിൽ ഹാൻസ് വയ്ക്കുന്നുണ്ടോ എന്നായിരുന്നു പലരുടെയും ചോദ്യം. അപഹസിച്ചവരുടെ വായ് അടപ്പിക്കുന്ന മറുപടിയാണ് ഇപ്പോൾ ഗായിക നൽകിയത്. ഹാന്‍സ് ഉപേക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ആരെയും ഉപദ്രവിക്കാതിരിക്കുന്നവരെ ദ്രോഹിക്കുമ്പോൾ ചിലർക്കൊക്കൊക്കെ പ്രത്യേക മനസുഖം കിട്ടുന്നു എന്നും അഭിരാമി നിശിതമായി വിമർശിച്ചു.

അഭിരാമിയുടെ കുറിപ്പ്:

‘എല്ലാവരും വ്യത്യസ്തരും അതുല്യരുമാണ്. ആ വസ്തുത അംഗീകരിക്കുക. കഴിഞ്ഞ ദിവസം എന്നെക്കുറിച്ചു പ്രസിദ്ധീകരിച്ച എന്റെ ആർട്ടിക്കിളിനു താഴെ പരിഹാസത്തോടെയുള്ള പല അഭിപ്രായങ്ങളും ശ്രദ്ധയിൽപ്പെട്ടു. എന്റെ താടിയെല്ലിനെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും അറിയാൻ വളരെയധികം താത്പര്യമുള്ള കുറച്ചുപേരോട് മറുപടി പറയണമെന്നു തോന്നി. എന്റെ ചുണ്ടിനടിയിൽ ഹാൻസ് ഉണ്ടോ എന്നുള്ള കമന്റ് വായിച്ചു വായിച്ചു ഇപ്പൊ ബോറായി. 

“സാധനം” “അഹങ്കാരി” “ജാടതെണ്ടി” മുതലായവ കേൾക്കുമ്പോൾ തോന്നിയിട്ടുണ്ട് എന്നെ യാതൊരു പരിചയവുമില്ലാത്തവർ എന്തിനാണ് പ്രഹസനങ്ങൾ നടത്തുന്നത് എന്ന്. എന്തായാലും ഹാൻസും ശംഭുവും ഒക്കെ അവിടെ തന്നെ ഇരിക്കട്ടെ, ഭൂമിയിലേക്ക് പോന്നപ്പോൾ ദൈവം തന്നയച്ചതാ. ഇപ്പോൾ വരെ എടുത്ത് കളയാൻ തോന്നിയിട്ടില്ല. ഇനി ഭാവിയിൽ ഹാൻസിനോടുള്ള താല്പര്യം പോവുമോ എന്നുമറിയില്ല. ആരെയും ഉപദ്രവിക്കാതെ ഇരിക്കുന്നവരെ കുത്തുമ്പോ എന്ത് സുഖമാണോ എന്തോ ചിലർക്ക് കിട്ടുന്നത്, അല്ലെ? ചിന്തിച്ചിട്ടുണ്ടോ?’