ബുക്ക് ചെയ്യുന്നവരെ ബാറിലേക്ക് അയച്ച് ബെവ് ക്യൂ; ബെവ്‌കോയിലേക്ക് ടോക്കണ്‍ നല്‍കുന്നില്ല

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399372/app.jpg

തിരുവനന്തപുരം: വിദേശമദ്യം വാങ്ങാന്‍ ടോക്കണ്‍ എടുക്കുന്നവരെ വട്ടംകറക്കി ബെവ് ക്യൂ ആപ്പ്. മദ്യം ബുക്ക് ചെയ്യാന്‍ ആപ്പിനെ ആശ്രയിക്കുന്നവര്‍ക്ക് ബെവ്‌കോയുടെ മദ്യവില്‍പ്പന ശാലകളിലേക്ക് ടോക്കണ്‍ നല്‍കുന്നില്ലെന്ന് ആക്ഷേപം. പകരം നഗരത്തിലെ മുന്തിയ ബാര്‍ ഹോട്ടലുകളിലേക്കാണ് ടോക്കണ്‍ നല്‍കുന്നത്. മിക്ക ബാറുകളിലും മദ്യത്തിന് ക്ഷാമം നേരിടുകയാണ്. ഉള്ള മദ്യമാകട്ടെ മുന്തിയ വിലയുടേതുമാണ്. വലിയ വിലയുമാണ് ഈടാക്കുന്നത്.

തിരുവനന്തപുരം, മുക്കോല, പട്ടം എന്നിവിടങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ഒരു ടോക്കണ്‍ പോലും കിട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ വിലയില്‍ ലഭിച്ചിരുന്ന ജവാന്‍ അടക്കമുള്ള മദ്യത്തിന് അന്യായ വിലയാണ് ചിലയിടങ്ങളില്‍ ഈടാക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ബെവ് ക്യു ആപ്പ് വഴി ഇന്നലെയാണ് സംസ്ഥാനത്ത് മദ്യവില്‍പ്പന പുനരാരംഭിച്ചത്. 2.34 ലക്ഷം പേരാണ് ഇന്നലെ വരെ ആപ്പ് വഴി ബുക്ക് ചെയ്തത്. രാവിലെ 9 മുതല്‍ അഞ്ചു മണിവരെയുള്ള സമയത്തിനുള്ളില്‍ 2.25 ലക്ഷം പേര്‍ മദ്യം വാങ്ങി.