വീണ്ടും വെള്ളം കുടി മുട്ടി! ബെവ് ക്യൂ ആപ് 'ആപ്പായി', ഫെയര്‍കോഡ് ഓഫീസ് അടച്ച് ഉടമകള്‍ മുങ്ങി, കമ്പനി ഇട്ട ഫേസ്ബുക്ക് പോസ്റ്റുകളെല്ലാം പേജില്‍നിന്ന് പിന്‍വലിച്ചു

by

കൊച്ചി: (www.kvartha.com 29.05.2020) ബവ്‌റിജസ് കോര്‍പ്പറേഷന്‍ മദ്യവിതരണത്തിനായി തയാറാക്കിയ ബെവ് ക്യൂ ആപ് പദ്ധതി പൊളിഞ്ഞു. ആപ് വേണ്ട വിധത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാതെ ഫെയര്‍കോഡ് ടെക്‌നോളജീസ് ഉടമകള്‍ ഓഫിസില്‍നിന്ന് സ്ഥലം വിട്ടു. ഇളങ്കുളം ചെലവന്നൂര്‍ റോഡിലെ ഇവരുടെ ഓഫിസില്‍ ഏതാനും ജോലിക്കാര്‍ മാത്രമാണ് വെള്ളിയാഴ്ച എത്തിയത്. ഓഫിസ് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയാണ്. കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നു നിര്‍ദേശമുള്ളതായും ഓഫിസ് തുറന്നു പുറത്തു വന്ന ജീവനക്കാരിലൊരാളെന്നു പരിചയപ്പെടുത്തിയ യുവാവ് പറഞ്ഞു.

https://1.bp.blogspot.com/-3yr2lSa4DVI/XtDS253W4TI/AAAAAAAAP9U/IJavxyOo0VcrzqUPez7siHNLFB1mHH2QACLcBGAsYHQ/s1600/bev-q.jpg

ബെവ്‌കോയ്ക്കായി മദ്യവിതരണ ആപ്പ് തയാറാക്കിയത് എറണാകുളത്തുള്ള ഫെയര്‍കോഡ് കമ്പനിയാണ്. ആപ് സംബന്ധിച്ച് ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ നേരത്തെ ഫെയ്‌സ്ബുക്ക് പേജിലൂടെ മറുപടി നല്‍കിയിരുന്നു. ഇതെല്ലാം പൂര്‍ണമായും നീക്കം ചെയ്തു.

സംഭവത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പടെ ആരും ഫോണെടുക്കാനോ പ്രതികരിക്കാനോ തയാറായിട്ടില്ല. സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉണ്ടായതിനെത്തുടര്‍ന്ന് മദ്യ ആപ്പുമായി ബന്ധപ്പെട്ട് മേയ് 16നു ശേഷം ഫെയര്‍കോഡ് കമ്പനി ഇട്ട പോസ്റ്റുകളെല്ലാം ഫെയ്‌സ്ബുക്ക് പേജില്‍നിന്ന് പിന്‍വലിച്ചു. വ്യാഴാഴ്ച വരെ പോസ്റ്റുകള്‍ ഫെയ്‌സ്ബുക്ക് പേജിലുണ്ടായിരുന്നു.

നേരത്തെ നിശ്ചിത സമയം കഴിഞ്ഞിട്ടും ആപ് ലഭിക്കാത്തതിനെത്തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗൂഗില്‍ സി ഇ ഒ സുന്ദര്‍ പിച്ചെയെ വരെ ട്രോളിനിരയാക്കിയിരുന്നു. മികച്ച സേവനം നല്‍കാന്‍ ആപ് നിര്‍മാതാക്കള്‍ പരാജയപ്പെട്ടെന്നായിരുന്നു വന്നതില്‍ ഒരു പ്രധാന വിമര്‍ശനം. കൊവിഡ് വാക്‌സിനു വേണ്ടിപോലും ഇത്രയും കാത്തിരുന്നിട്ടില്ല സമൂഹ മാധ്യമത്തില്‍ വന്ന ഒരു കമന്റ് ഇങ്ങനെയായിരുന്നു. ഇത്തരത്തില്‍ നിരവധി കമന്റുകളാണ് ആപിനെ വിമര്‍ശിച്ച് വന്നിരിക്കുന്നത്.

ടോക്കണ്‍ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് ഔട്‌ലറ്റുകളിലും എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതിനിടെ പലയിടത്തും ടോക്കണില്ലാതെ മദ്യം വിതരണം ചെയ്യുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ടോക്കണില്ലാതെ മദ്യം വിതരണം ചെയ്യാന്‍ നിലവില്‍ അനുമതിയില്ലെന്ന് എറണാകുളം റേഞ്ച് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ എസ് രഞ്ജിത് പറഞ്ഞു.

Keywords: News, Kerala, Kochi, Beverages Corporation, Liquor, Application, Ernakulam, Facebook, Social Network, Business, Technology, BEV Q app owners Faircode technologies left their office