തകര്‍ന്നു വീണ പാക് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 3 കോടിയുടെ പണം കണ്ടെത്തി

മൂന്ന് കോടി രൂപയുടെ മൂല്യമുള്ള വിവിധ രാജ്യങ്ങളിലെ കറന്‍സികള്‍ രണ്ടു ബാഗുകളിലായാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ചത്.

https://www.mathrubhumi.com/polopoly_fs/1.4779588.1590233263!/image/image.jpg_gen/derivatives/landscape_894_577/image.jpg
Image Credits: AFP

കറാച്ചി: തകര്‍ന്നു വീണ പാക് വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൂന്ന് കോടി രൂപ കണ്ടെത്തി. അന്വേഷണോദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും അടങ്ങുന്ന സംഘമാണ് പണം കണ്ടെത്തിയത്. മൂന്ന് കോടി രൂപയുടെ മൂല്യമുള്ള വിവിധ രാജ്യങ്ങളിലെ കറന്‍സികള്‍ രണ്ടു ബാഗുകളിലായാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. 

ഇത്രയും വലിയ തുക വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടേയും ബാഗേജ് സ്‌കാനറുകളുടേയും നിരീക്ഷണത്തില്‍ പെടാതെ വിമാനത്തിനുള്ളില്‍ എത്തിയതിനെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരാണ് ഈ ബാഗുകള്‍ കൊണ്ടു വന്നതെന്നോ ആരുടെ ഉടമസ്ഥയിലുള്ളതാണെന്നോ ഇതു വരെ വിവരം ലഭിച്ചിട്ടില്ല. 

ഒന്‍പത് കുട്ടികളുള്‍പ്പെടെ 97 യാത്രക്കാരാണ് മെയ് 22 നുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ വിമാനം കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ രണ്ട് യാത്രക്കാര്‍ രക്ഷപ്പെട്ടു. 

അപകടത്തില്‍ മരിച്ച 47 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 43 പേരുടെ ഭൗതികാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ബാക്കിയുള്ള മുതശരീരങ്ങളും യാത്രക്കാരുടെ സാധനസാമഗ്രികളും തിരിച്ചറിയാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ ബന്ധുക്കളെ ഏല്‍പിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. 

2016 ഡിസംബര്‍ 7-ലെ വിമാനാപകടത്തിന് ശേഷം പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമാണ് ഇത്. 2016 ലുണ്ടായ അപകടത്തില്‍ 48 യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും മരിച്ചിരുന്നു. മരിച്ചവരില്‍ ഗായകനും സുവിശേഷപ്രവര്‍ത്തകനുമായ ജുനൈദ് ജംഷദും ഉള്‍പ്പെട്ടിരുന്നു. 

Content Highlights: Investigators Find Rs 30 Million In Wreckage Of Crashed Pakistan Aircraft