മരിച്ച അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ 'ഞെട്ടിപ്പിക്കുന്നതെ'ന്ന് കോടതി

https://www.mathrubhumi.com/polopoly_fs/1.4787519.1590571170!/image/image.jpg_gen/derivatives/landscape_894_577/image.jpg

പട്‌ന: ബിഹാറിലെ മുസാഫര്‍പുരിലെ റെയില്‍വേ സ്റ്റേഷനില്‍ ജീവനറ്റു കിടക്കുന്ന അമ്മയുടെ പുതപ്പ് വലിച്ച് അമ്മയെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ വാര്‍ത്ത രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതം വ്യക്തമാക്കുന്നതായിരുന്നു ആ ദൃശ്യം. ഇപ്പോഴിതാ പട്‌നയിലെ ഒരു കോടതിയും വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്.' ഞെട്ടിപ്പിക്കുന്നതും നിര്‍ഭാഗ്യകര'വുമെന്നാണ് സംഭവത്തെ കോടതി വിശേഷിപ്പിച്ചത്.

യുവതിയുടേത് സ്വാഭാവിക മരണമാണെന്നാണ് ബിഹാര്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സഹോദരിക്കും സഹോദരിഭര്‍ത്താവിനുമൊപ്പമാണ് യുവതി യാത്ര ചെയ്തിരുന്നതെന്നും യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ നിരവധി മറുചോദ്യങ്ങളുന്നയിക്കുകയാണ് കോടതി ചെയ്തത്. 

യുവതിയുടെ മൃതദേഹ പരിശോധന നടത്തിയോ?
യഥാര്‍ഥത്തില്‍ പട്ടിണിമൂലമാണോ യുവതി മരിച്ചത്? 
നിയമ നിര്‍വഹണ ഏജന്‍സികള്‍ എന്തുനടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്?
മരണാനന്തരചടങ്ങുകള്‍ അവരുടെ ആചാരം, പാരമ്പര്യം, സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണോ നടത്തിയത്? 
എല്ലാറ്റിലുമുപരി, ഈ ദുരിത സമയത്ത് അമ്മയെ നഷ്ടപ്പെട്ട ആ കുട്ടികളെ ആരാണ് പരിപാലിക്കുന്നത്? 
കോടതി ചോദിച്ചു.

ബിഹാര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ എസ്.ഡി.യാദവ് ആണ് കോടതിയിലെത്തിയത്. മൃതദേഹ പരിശോധന നടത്തിയില്ലെന്ന് യാദവ് കോടതിയെ അറിയിച്ചു. സംഭവത്തില്‍ എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തിട്ടില്ല. മുസാഫര്‍പുര്‍ സ്‌റ്റേഷനില്‍ റെയില്‍വേ അധികൃതര്‍ക്ക് മുമ്പാകെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

കതിഹാര്‍ സ്വദേശിയാണ് മരിച്ച അര്‍ബീന. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ സഹോദരിക്കും സഹോദരീഭര്‍ത്താവിനുമൊപ്പമാണ് അവര്‍ താമസിച്ചിരുന്നത്. അര്‍ബീനയുടെ മകന്‍ നിലവില്‍ സഹോദരിയുടെ സംരക്ഷണയിലാണ്. താന്‍ ഈ കേസ് അധികൃതരുമായി ചേര്‍ന്ന് വ്യക്തിപരമായി അന്വേഷിക്കാന്‍ താല്പര്യപ്പെടുന്നുണ്ടെന്നും യാദവ് കോടതിയെ ബോധിപ്പിച്ചു. 

കേസ് ജൂണ്‍ മൂന്നിന് വീണ്ടും പരിഗണിക്കുമെന്നറിയിച്ച കോടതി അതിനുമുമ്പ് ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ വ്യക്തിഗത സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. 

എന്നാല്‍ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്ന വാദത്തെ അര്‍ബീനയുടെ കുടുംബം എതിര്‍ത്തു.'എന്റെ മകള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നില്ല. ഇത്തരമൊരു ആരോപണത്തില്‍ ഞങ്ങള്‍ക്ക് പ്രയാസമുണ്ട്.' യുവതിയുടെ പിതാവ് മുഹമ്മദ് നെഹ്‌റുള്‍ പറഞ്ഞു. 

തൊഴിലാളികള്‍ക്കുള്ള ശ്രമിക് ട്രെയിനില്‍ അഹമ്മദാബാദില്‍ നിന്ന് ബിഹാറിലേക്ക് പുറപ്പെട്ടതായിരുന്നു അര്‍ബീനയും കുഞ്ഞും ബന്ധുക്കളും. പട്ടിണിയും നിര്‍ജലീകരണവും ഒപ്പം കടുത്ത ചൂടും കൂടിയതോടെയാണ് സ്ത്രീ മരണപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ സ്ത്രീയുടെ ആരോഗ്യസ്ഥിതി വഷളായി തുടങ്ങിയിരുന്നു. അതേ അവസ്ഥയിലാണ് ഇവര്‍ ട്രെയിനില്‍ ബിഹാറിലേക്ക് പുറപ്പെട്ടത്. എന്നാല്‍ മുസാഫര്‍നഗര്‍ സ്റ്റേഷനില്‍ എത്തുന്നതിന് കുറച്ച് മുന്‍പ് സ്ത്രീ കുഴഞ്ഞുവീണു മരണപ്പെട്ടു. മൃതശരീരം മൂടിയിരുന്ന തുണി വലിച്ച് അമ്മയെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന മകന്റെ ദൃശ്യങ്ങളാണ് പിന്നീട് പ്രചരിച്ചത്. 

ലോക്ക് ഡൗണില്‍ കുടുങ്ങിയതോടെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് പട്ടിണിയും ചൂടും ദുരിതവും സഹിച്ച് നടന്നും ഓടിയും സൈക്കിളിലുമായി നാടുകളിലേക്ക് തിരിച്ചത്. പലര്‍ക്കും യാത്രയ്ക്കിടെ ജീവന്‍ വരെ നഷ്ടമായിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്കായി മെയ് ആദ്യവാരം മുതലാണ് കേന്ദ്രം ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിച്ചത്. എന്നാല്‍ പലയിടത്തും ട്രെയിനില്‍ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ വിതരണം ചെയ്തിരുന്നില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസ് വരെ റെക്കോര്‍ഡ് ചെയ്ത കൊടും ചൂട് നാട്ടിലേക്കു മടങ്ങുന്ന തൊഴിലാളികള്‍ക്ക് ദുരിതം മാത്രമാണ് നല്‍കുന്നത്.

Content Highlights: Baby Tries To Wake Dead Mother At Station: 'Shocking', Patna Court says