കേരളത്തില്‍ സമൂഹവ്യാപനമില്ല: ആരോഗ്യമന്ത്രി കെ.കെ. ശൈലജ

സമൂഹവ്യാപനം ഉണ്ടാകാതെ നോക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പെന്നും ഇത്തരം കേസുകള്‍ കാണുന്നയിടങ്ങള്‍ കണ്ടയിന്‍മെന്റ് സോണായി കണക്കാക്കുകയാണ് സാധാരണയായി ചെയ്യാറെന്നും മന്ത്രി പറഞ്ഞു.

https://www.mathrubhumi.com/polopoly_fs/1.3853165.1580418736!/image/image.jpg_gen/derivatives/landscape_894_577/image.jpg

തിരുവനന്തപുരം: കോവിഡ് സംബന്ധിച്ച് കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ല എന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സമൂഹവ്യാപനം ഉണ്ടാകാതെ നോക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ് ആരോഗ്യവകുപ്പെന്നും ഇത്തരം കേസുകള്‍ കാണുന്നയിടങ്ങള്‍ കണ്ടയിന്‍മെന്റ് സോണായി കണക്കാക്കുകയാണ് സാധാരണയായി ചെയ്യാറെന്നും ആരോഗ്യമന്ത്രി പറഞ്ഞു.  

നമുക്ക് അറിയാത്ത സോഴ്‌സില്‍നിന്നും ഒരു കോവിഡ് പോസിറ്റീവ് കേസ് കിട്ടുകയും അതിന്റെ പരിസരത്ത് നിരവധി പോസിറ്റീവ് കേസുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ ഇതിന്റെയൊന്നും സോഴ്‌സ് നമുക്ക് അറിയില്ല. അപ്പോഴാണ് സമൂഹവ്യാപനം നടക്കുന്നു എന്ന് പറയാനാവുക. അത്തരത്തില്‍ ഒരു സാഹചര്യം ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെയാണ് സമൂഹവ്യാപനം ഉണ്ടായിട്ടില്ല എന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കുന്നത്. - ആരോഗ്യമന്ത്രി പറഞ്ഞു. 

പോസിറ്റീവാകുന്ന ഓരോ കേസും നമ്മുടെ കണ്‍മുന്നിലുണ്ടെന്നും ആരോഗ്യവകുപ്പിന്റെ അറിവില്ലാതെ ഒന്നും നടക്കുന്നില്ല എന്നും അത്ര വിജിലന്റാണ് നമ്മുടെ സംവിധാനങ്ങള്‍ എന്നും മന്ത്രി പറഞ്ഞു. കോവിഡ് സംബന്ധിച്ച് സംശയകരമായ ടെസ്റ്റ് റിസള്‍ട്ട് കണ്ടാല്‍ തന്നെ അവ പോസിറ്റീവായി കൂട്ടാറുണ്ട്. പോസിറ്റീവ് കേസുകള്‍ കൂടുതലാണ് എന്ന് എണ്ണത്തില്‍ കാണിക്കുന്നതില്‍ പ്രശ്‌നമില്ല. ഇതില്‍ പലതും ആദ്യം ടെസ്റ്റില്‍ പോസിറ്റീവും പിന്നീടുള്ള ടെസ്റ്റുകളില്‍ നെഗറ്റീവും ആകാറുണ്ട്. 

അത് ആശ്വാസകരമാണ്. ഇത്തരത്തില്‍ കോവിഡ് പോസിറ്റീവായ ഒരു കേസ് പോലും പുറത്ത് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച് പഴുതടച്ച ഒരു പ്രവര്‍ത്തനമാണ് നമ്മള്‍ നടത്തുന്നത്. കോവിഡിന്റെ എന്തെങ്കിലും ലക്ഷണങ്ങളോടുകൂടിയ മരണങ്ങള്‍ പോലും നമ്മള്‍ അസ്വാഭാവികമായി വിടുന്നില്ല. വിദേശത്ത് നിന്ന് വന്നതല്ലെങ്കിലും കോണ്ടാക്ട് ഹിസ്റ്ററി ഇല്ലെങ്കിലും ആ ഡെത്ത് ഓഡിറ്റ് നമ്മള്‍ നടത്താറുണ്ട് -മന്ത്രി പറഞ്ഞു.  

സമൂഹവ്യാപനം ഉണ്ടാകാതെ നോക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പെന്നും ഇത്തരം കേസുകള്‍ കാണുന്നയിടങ്ങള്‍ കണ്ടയിന്‍മെന്റ് സോണായി കണക്കാക്കുകയാണ് സാധാരണയായി ചെയ്യാറെന്നും മന്ത്രി പറഞ്ഞു. മറ്റ് ഘടകങ്ങള്‍ കൂടി കണക്കിലെടുത്തിട്ടാണ് മുഖ്യമന്ത്രി മീറ്റിങ്ങിലും കണ്ടയിന്‍മെന്റ് സോണുകള്‍ പറയുന്നതെന്നും വെഞ്ഞാറമൂടും പരിശോധനകള്‍ നടത്തിവരികയാണെന്നും ആവശ്യമാണ് എന്ന് കാണുന്ന ഘട്ടത്തില്‍ മാത്രമേ ഇവിടെ കണ്ടയിന്‍മെന്റ് സോണ്‍ ആക്കുകയുള്ളൂ എന്നും ആരോഗ്യമന്ത്രി പറഞ്ഞു.  

സെന്റിനല്‍ സര്‍വൈലന്‍സ് സര്‍വേയില്‍ കുറച്ച് കേസുകള്‍ മാത്രമേ കോവിഡ് എവിടെ നിന്നും പിടിപെട്ടു (സോഴ്‌സ്)  എന്നത് അറിയാന്‍ കഴിയാത്തതായി വന്നിട്ടുള്ളൂ.  ആദ്യത്തെ ഘട്ടത്തില്‍ സെന്റിനല്‍ സര്‍വൈലന്‍സ് നടത്തിയപ്പോള്‍ മൂന്ന് കേസുകളാണ് പോസിറ്റീവായി കണ്ടത്. പക്ഷേ അത് മൂന്നും കോണ്ടാക്ട് കേസുകളായിരുന്നു. ചില കോസുകള്‍ സംശയം വരുമ്പോള്‍ തന്നെ രോഗികളുടെ സുരക്ഷിതത്വത്തിനു വേണ്ടി പോസിറ്റീവാണെന്ന് കരുതി കൈകാര്യം ചെയ്യുന്നുണ്ട് - മന്ത്രി പറഞ്ഞു.  

ആളറിയാത്ത കേസ് വന്നു, അതുകൊണ്ട് മാത്രം അപകടം ഉണ്ടായി എന്ന് പറയാനാവില്ല. രണ്ടോ മൂന്നോ കേസുകള്‍ മാത്രമാണ് ഡയറക്ട് കോണ്ടാക്ട് അറിയാത്തതുള്ളൂ. നമ്മുടെ കോണ്ടാക്ട് ട്രെയ്‌സിങ് സംഘം വളരെ സമര്‍ത്ഥരാണ്. എല്ലാ കോസുകളിലും രോഗിയുടെ കോണ്ടാക്ട് ലിസ്റ്റ് കൃത്യമായി തയ്യാറാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഉറവിടം കണ്ടെത്താന്‍ കഴിയാതെ വരുമ്പോഴാണ് കമ്യൂണിറ്റി സ്‌പ്രെഡ് എന്ന സാധ്യത സംശയിക്കുന്നത്. 

ന്യുമോണിയ കേസുകള്‍ കൂടുന്നുണ്ടോ എന്ന പരിശോധനയാണ് നമ്മള്‍ രണ്ടാമതായി എറ്റവും കൂടുതല്‍ നടത്തുന്നത്. ഗ്രാമപ്രദേശങ്ങളിലോ മറ്റോ നമ്മുടെ ശ്രദ്ധയില്‍പെടാതെ ന്യുമോണിയ വന്ന് ആളുകള്‍ ഒരു പരിധിയില്‍ കൂടുതല്‍ മരിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ടോ. ഏതെങ്കിലും തരത്തില്‍ കോവിഡ് വൈറസ് അവിടെ പരന്നിട്ടുണ്ടോ  എന്ന് പരിശോധിക്കാനാണിത്. എന്നാല്‍ കേരളത്തില്‍ പെരിഫറല്‍ ന്യുമോണിയ കേസുകള്‍ കൂടിയിട്ടില്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത് - ആരോഗ്യമന്ത്രി പറഞ്ഞു. 

മരണനിരക്ക് പുറത്ത് വിടുന്നതിനുവേണ്ടി മാത്രമല്ല ഇത് നമ്മുടെ പ്രവര്‍ത്തനാവശ്യങ്ങള്‍ക്കു വേണ്ടികൂടിയാണ് ഇത്തരം കണക്കുകള്‍ ശേഖരിക്കുന്നതെന്നും ആളുകള്‍ കൂട്ടത്തോടെ മരിച്ചാല്‍ ആ കണക്കുകള്‍ മറച്ചുവയ്ക്കാന്‍ കേരളം പോലെയൊരു സംസ്ഥാനത്തില്‍ പറ്റില്ല എന്നും ഇന്നീ ദിവസം വരെ കേരളത്തില്‍ കമ്യൂണിറ്റി സ്‌പ്രെഡ് ഉണ്ടായിട്ടില്ല എന്നാല്‍ ഭാവിയില്‍ ഉണ്ടാവില്ല എന്ന് പറയാനും കഴിയില്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

ഇനിമുതല്‍ ഒരോ ദിവസവും ശരാശരി 3000 ടെസ്റ്റുകള്‍ നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. എടുക്കുന്ന സാമ്പിളുകള്‍ എല്ലാ ഭാഗത്തു നിന്നും എത്തേണ്ടതായിട്ടുണ്ട്. സാമ്പിള്‍ കളക്ഷനും ശ്രമകരമായ ജോലിയാണ്്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കേരളത്തില്‍ വളരെ കുറവാണ്. രണ്ടാം ഘട്ടത്തില്‍ 15% രോഗവ്യാപനം മാത്രമേ സമ്പര്‍ക്കത്തിലൂടെ നടന്നിട്ടുള്ളൂ. ആദ്യഘട്ടത്തില്‍ ഇത് 30% ആയിരുന്നു. 

രോഗം വ്യാപിച്ചുകിടക്കുന്ന ഇടങ്ങളില്‍ നിന്നാണ് ആളുകള്‍ വരുന്നത് എന്നറിയാവുന്നതുകൊണ്ട് തന്നെ രോഗികളുടെ എണ്ണത്തില്‍ ഇത്രയും വര്‍ധനവ് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. പരിശോധിക്കാനും ക്വാറന്റൈന്‍ ഒരുക്കാനും സമയം ലഭിക്കുന്നതിനു വേണ്ടിയാണ് പാസ്സ് സിസ്റ്റമൊക്കെ ഒരുക്കിയിട്ടുള്ളത് - മന്ത്രി പറഞ്ഞു.  

കോവിഡ് ബാധിച്ച് ഒരാളും മരിക്കാതിരിക്കാനുള്ള കഠിന പ്രയത്‌നമാണ് ആരോഗ്യവകുപ്പ് നടത്തുന്നതെന്നും മറ്റു ചില അസുഖങ്ങള്‍ കൂടി ഉണ്ടാവുമ്പോള്‍ നമ്മുടെ പ്രവര്‍ത്തനത്തിനും അപ്പുറമാവും അതിന്റെ ഫലങ്ങളെന്നും മന്ത്രി ഓര്‍മിപ്പിച്ചു. അതുകൊണ്ടാണ് മരണനിരക്ക് കൂടുന്നത് എന്നാണ് വിലയിരുത്തുന്നതെന്നും മരണ നിരക്ക് കുറയ്ക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.  

content highlight: no covid19 community spread cases in kerala till now says kerala health minister kk shailaja