ട്രെയിനിലെ ശൗചാലയത്തില്‍ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം
ഝാന്‍സി: ട്രെയിനിലെ ശൗചാലയത്തില്‍ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് ഉത്തര്‍ പ്രദേശ് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ ശുചീകരണ തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്.
യുപിയിലെ ബസ്തി ജില്ലക്കാരനായ മോഹന്‍ ലാല്‍ ശര്‍മ(38)യുടേതാണ് മൃതദേഹം. മുംബൈയിലാണ് മോഹന്‍ ജോലി ചെയ്തിരുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമായതോടെ നാട്ടിലേക്ക് ശ്രമിക് ട്രെയിനില്‍ മടങ്ങിയതായിരുന്നു അദ്ദേഹം.
ബുധനാഴ്ചയാണ് ട്രെയിന്‍ ഝാന്‍സിയിലെത്തിയത്. വ്യാഴാഴ്ച കോച്ചുകള്‍ ശുചീകരിക്കുന്നതിനിടയിലാണ് മോഹന്റെ മൃതദേഹം തൊഴിലാളികള്‍ കണ്ടെത്തുന്നത്. മൃതദേഹ പരിസോധനയ്ക്കും കോവിഡ് 19 പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്ഡകുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ രണ്ടുമാസത്തിനിടെ 20 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളിരളാണ് യുപിയിലേക്ക് മടങ്ങിയത്. വരും ദിവസങ്ങളിലും ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ യുപിയിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ഇവരെയെല്ലാം ക്വാറന്റീന്‍ ചെയ്യുക, ഭക്ഷണവും താമസവും ഉറപ്പുവരുത്തുക, പുനരധിവാസം ഏര്‍പ്പാടാക്കുക തുടങ്ങി നിരവധി വെല്ലുവിളികളാണ് സംസ്ഥാനം അഭിമുഖീകരിക്കാന്‍ പോകുന്നത്.
മുസാഫര്‍പുര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ചുകിടക്കുന്ന അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുട്ടിയുടെ വീഡിയോ വാര്‍ത്തയായത് രണ്ടുദിവസങ്ങള്‍ക്ക് മുമ്പാണ്.
Content Highlights:Migrant worker's body found in train toilet