https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2020/3/31/modi-trump.gif
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും

‘ട്രംപുമായി മോദി സംസാരിച്ചിട്ടില്ല’: യുഎസ് പ്രസിഡന്റിന്റെ വാദം തള്ളി ഇന്ത്യ

by

ന്യൂഡൽഹി ∙ ചൈനയുമായുള്ള സംഘർഷം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്ന യുഎസ് പ്രസിഡ‍ന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ. ഏപ്രിൽ 4നാണ് ട്രംപുമായി മോദി അവസാനം സംസാരിച്ചതെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്ത്യ–ചൈന പ്രശ്നത്തിൽ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചെന്നും നിലവിലെ സാഹചര്യങ്ങളിലും അദ്ദേഹം അസ്വസ്ഥനാണെന്നും വ്യാഴാഴ്ച വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇതു നിഷേധിച്ചാണ് ഇന്ത്യ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിൽ അടുത്തിടെ ഒരു സംഭാഷണവും നടന്നിട്ടില്ല. ഹൈഡ്രോക്സിക്ലോറോക്വിൻ വിഷയത്തിൽ ഏപ്രിൽ 4നാണ് അവർ തമ്മിൽ അവസാനം സംസാരിച്ചത്.’ – സർക്കാർവൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതു പോലെ ചൈനയുമായി സൈനിക, നയതന്ത്ര തലത്തിൽ ചർച്ചകൾ നടക്കുകയാണെന്നും സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് നീക്കമെന്നും അവർ അറിയിച്ചു.

ഇന്ത്യ–ചൈന പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന ‍ഡോണൾഡ് ട്രംപിന്റെ വാഗ്ദാനം ഇന്ത്യ നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മധ്യസ്ഥ വാഗ്ദാനം ട്രംപ് വീണ്ടും ആവർത്തി‌ച്ചത്. ‘ഇന്ത്യയും ചൈനയും തമ്മിൽ വലിയ സംഘർഷം നടക്കുന്നു. 130 കോടിയിലധികം ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങൾ. ഇരു രാജ്യങ്ങൾക്കും ശക്തമായ സൈനികശേഷിയുണ്ട്. ഇന്ത്യ അസ്വസ്ഥമാണ്, അതേപോലെ ചൈനയും. ഞാൻ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചിരുന്നു. ഇപ്പോൾ ചൈനയുമായി നടക്കുന്ന കാര്യത്തിൽ അദ്ദേഹവും അസ്വസ്ഥനാണ്’– ട്രംപ് പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾ തന്നെ ഇഷ്ടപെടുന്നു. അമേരിക്കയിലെ മാധ്യമങ്ങൾ ഇഷ്ടപ്പെടുന്നതിനേക്കാൾ കൂടുതൽ അവർ എന്നെ ഇന്ത്യയിൽ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് കരുതുന്നത്. മോദിയെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹം ഒരു മാന്യവ്യക്തിയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ–ചൈന അതിർത്തിയിൽ ഈ മാസം ആദ്യം മുതലാണ് ഇരു വിഭാഗങ്ങളുടേയും സൈനികർ മുഖാമുഖം നിൽക്കാൻ ആരംഭിച്ചത്.

English Summary: "PM, Trump Spoke In April": Government Sources After US President's Claim