മണ്‍കൂനയില്‍ നിന്ന് നേര്‍ത്ത ഒരു കരച്ചില്‍; പിന്നെ കണ്ടത് പൊങ്ങിവരുന്ന കുഞ്ഞിക്കാലുകള്‍; ജീവനോടെ കുഴിച്ചിട്ട ചോരക്കുഞ്ഞിന് പുനര്‍ജന്മം

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399363/baby.gif

ഗൊരഖ്പുര്‍ (യുപി) :മനുഷ്യന്റെ ക്രൂരതയുടെ മറ്റൊരു മുഖം, ജീവനോടെ കുഴിച്ചിട്ട ഒരു ചോരക്കുഞ്ഞ്. ദൈവം അവന് ജീവന്‍ ബാക്കിവെച്ചിരുന്നു. അതുകൊണ്ടാവണം അവര്‍ ആ തൊഴിലാളികളുടെ കണ്ണില്‍ ഉടക്കിയത്. സൊനൗര ഗ്രാമത്തിലെ തൊഴിലാളികള്‍ കണ്ടത് മണ്‍കൂനയില്‍ നിന്ന് പൊങ്ങിവന്ന കുഞ്ഞിക്കാലും നേര്‍ത്ത ഒരു കരച്ചിലുമായിരുന്നു. കരച്ചില്‍ കേട്ട ദിക്കിലേക്ക് ഓടിയെത്തിയ അവര്‍ ചെളിക്കൂന നീക്കി നോക്കിയപ്പോള്‍ വായ നിറയെ മണ്ണുമായി തെളിഞ്ഞു വന്നതു ജീവനുള്ളൊരു ആണ്‍കുഞ്ഞ്.

ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗറിലുള്ള സൊനൗര ഗ്രാമത്തിലാണ് ആരുടെയും കരളലിയിക്കുന്ന സംഭവം. നിര്‍മാണം നടക്കുന്ന വീടിനോടു ചേര്‍ന്ന്, കാടുപിടിച്ച സ്ഥലത്തുള്ള മണ്‍കൂനയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ആ കുഞ്ഞ് ജീവന്‍ ഉപേക്ഷിക്കപ്പെട്ടത്. മണ്ണു ശ്രദ്ധയോടെ നീക്കി അവനെ വാരിയെടുത്ത് അവര്‍ സമീപത്തെ ആശുപത്രിയിലേക്കോടി. വായിലും മൂക്കിലും മണ്ണു പോയതിനാല്‍ ശ്വാസകോശത്തിനു കേടുപാടു വന്നിട്ടുണ്ടാകുമോയെന്നായിരുന്നു ഡോക്ടര്‍മാരുടെ ആശങ്ക.

ദേഹത്തെ മണ്ണും ചെളിയും തുടച്ചുനീക്കി, പരിചരിച്ചതോടെ കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെട്ടു. വിദഗ്ധചികിത്സയ്ക്കായി പിന്നീടു ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.