അതിര്‍ത്തി വിഷയത്തില്‍ മോഡി 'നല്ല മൂഡിലല്ലായിരുന്നു'വെന്ന് ട്രംപ്; അമേരിക്കന്‍ പ്രസിഡന്റുമായി മോഡി ഒടുവില്‍ സംസാരിച്ചത് ഏപ്രിലിലാണെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യുഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോഡിയും തമ്മില്‍ സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥനായി ഇടപെടാമെന്ന് മോഡിയെ അറിയിച്ചിരുന്നുവെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിര്‍ത്തി പ്രശ്‌നം സംസാരിക്കുമ്പോള്‍ ചൈനയുടെ ഭാഗത്തുനിന്നുള്ള നടപടിയില്‍ മോഡി അസ്വസ്ഥനായിരുന്നുവെന്ന പുതിയ പ്രസ്താവനയും ട്രംപ് നടത്തിയിരുന്നു. ഇതിനു പുറമേയാണ് അതിര്‍ത്തി വിഷയം സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന പ്രസ്താവന വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്.
'പ്രധാനമന്ത്രി മോഡിയും യു.എസ് പ്രസിഡന്റ് ട്രംപും തമ്മില്‍ അടുത്തകാലത്ത് സംഭാഷണം നടന്നിട്ടില്ല. ഇരുവരും ഒടുവില്‍ സംസാരിച്ചത് ഏപ്രില്‍ നാലിനാണ്. ഹൈഡ്രോക്‌സിക്ലോറോക്വീന്‍ വിഷയത്തിലായിരുന്നു അതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ചൈന വിഷയം ട്രംപുമായി സംസാരിച്ചിട്ടില്ലെന്ന് പറയാതെ പറയുകയാണ് വിദേശകാര്യ മന്ത്രാലയം ചെയ്തത്. ൈചനയുമായി വ്യവസ്ഥാപിത സംവിധാനങ്ങളിലൂടെയും നയതന്ത്ര ബന്ധങ്ങളിലൂടെയും നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
ഇരുരാജ്യങ്ങളുംതമ്മില്‍ വലിയ സംഘര്‍ഷത്തിലേക്കാണ് പോകുന്നതെന്ന പരാമര്‍ശവും വ്യാഴാഴ്ച ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. 'ഞാന്‍ മോഡിയുമായി സംസാരിച്ചിരുന്നു. ചൈനയുടെ ഭാഗത്തുനിന്നുള്ള ഇടപെടലില്‍ അദ്ദേഹം തികച്ചും അസ്വസ്ഥനായിരുന്നു.' വൈറ്റ്ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞിരുന്നു. അവര്‍ വലിയ സംഘര്‍ഷത്തിലാണ്. 140 കോടി ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങള്‍. സൈനിക ശക്തിയിലും വളരെ ശക്തരാണവര്‍. ഇന്ത്യ ഒട്ടും സന്തുഷ്ടരല്ല. അതുപോലെതന്നെ ചൈനയും.'-ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ ആശങ്കയുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
അമേരിക്കന്‍ മാധ്യമങ്ങള്‍ ഇഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ താന്‍ അവര്‍ക്കൊപ്പമുണ്ടായിരിക്കണമെന്ന് ഇന്ത്യ ഇഷ്ടപ്പെടുന്നു. മോഡിയെ താന്‍ ഇഷ്ടപ്പെടുന്നു. അവരുടെ പ്രധാനമന്ത്രിയെ ഏറെ ഇഷ്ടപ്പെടുന്നു. അദ്ദേഹം വലിയ മാന്യനാണെന്നും ട്രംപ് പറഞ്ഞിരുന്നു.