ഒഡീഷയില്‍ നരബലി; കോവിഡില്‍ നിന്ന് രക്ഷിക്കാനെന്ന് വാദം; വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് നാട്ടുകാര്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399365/murder.gif

കട്ടക്ക്: ഒഡീഷയില്‍ നരബലി നടത്തിയ പൂജാരി അറസ്റ്റില്‍. കട്ടക്കിലെ നരംസിംഹപുര്‍ ബ്രാഹ്മിണി ദേവി ക്ഷേത്രത്തിലെ പൂജാരി സന്‍സാരി ഓജ(70) ആണ് അറസ്റ്റിലായത്. കോവിഡില്‍ നിന്ന് ലോകത്തെ രക്ഷിക്കാനാണ് താന്‍ നരബലി നടത്തിയതെന്നായിരുന്നു പൂജാരിയുടെ വാദം. സരോജ് കുമാര്‍(55) എന്നയാളെയാണ് ഇയാള്‍ നരബലിയുടെ പേരില്‍ കൊലപ്പെടുത്തിയത്.

എന്നാല്‍ പൂജാരിയും കൊല്ലപ്പെട്ട സരോജും തമ്മില്‍ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ മൊഴി നല്‍കി. ഇതാണ് പൂജാരിക്ക് തിരിച്ചടിയായത്. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ജോലി കഴിഞ്ഞു ക്ഷേത്രത്തിലെത്തിയ സരോജിനെ ഓജ പിന്നില്‍നിന്ന് അരിവാള്‍ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. പിന്നീട് ഇത് നരബാലിയായിരുന്നെന്ന് വാദിക്കുകയും ചെയ്തു. അറസ്റ്റിലായതിനെ തുടര്‍ന്ന് ഇയാള്‍ പോലീസിന് മുന്‍പാകെ കുറ്റം സമ്മതിച്ചിട്ടുണ്ട്.