കുടിയേറ്റ തൊഴിലാളികള്‍ ട്രെയിനില്‍ മരിച്ചത് 'ഒറ്റപ്പെട്ട സംഭവം'; നിസാരവത്കരിച്ച് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍
കൊല്‍ക്കൊത്ത: നാട്ടിലേക്ക് മടങ്ങുന്നതിനിടെ കുടിയേറ്റ തൊഴിലാളി ശ്രമിക്ക് സ്‌പെഷ്യല്‍ ട്രെയിനില്‍ മരിച്ച സംഭവം നിസാരവത്കരിച്ച് ബി.ജെ.പി പശ്ചിമ ബംഗാള്‍ അധ്യക്ഷനും എം.പിയുമായ ദിലീപ് ഘോഷ്. അത് 'ചെറുതും ഒറ്റപ്പെട്ടതുമായ സംഭവമാണെന്നാ'ണ് ബി.ജെ.പി നേതാവിന്റെ പ്രതികരണം.
കൊടുംചൂടും പട്ടിണിയും നിര്‍ജലീകരണവും മൂലമാണ് കഴിഞ്ഞ ദിവസം ഒരു യുവതി മരിക്കാനിടയായതെന്ന് കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച മുതല്‍ ശ്രമിക് ട്രെയിനില്‍ ഒരു കുട്ടി അടക്കം ഒമ്പത് പേരാണ് മരിച്ചതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
'നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ പേരില്‍ റെയില്‍വേയെ കുറ്റം പറയാന്‍ കഴിയില്ല. കുടിയേറ്റക്കാരെ കൊണ്ടുപോകാന്‍ അവര്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. ചില മരണങ്ങള്‍ നടന്നിട്ടുണ്ട. അത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. യാത്രക്കാര്‍ക്ക് വേണ്ടി റെയില്‍വേ ചെയ്യുന്ന സേവനങ്ങളുടെ ഒരുപാട് ഉദാഹരണങ്ങള്‍ നമ്മുടെ പക്കലുണ്ട്. നിസാരമായ ചില സംഭവങ്ങള്‍ നടന്നതിന്റെ പേരില്‍ റെയില്‍വേയെ താഴ്ത്തികാണിക്കാന്‍ കഴിയില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.
ബി.ജെ.പി നേതാവിന്റെ പ്രസ്താവനയില്‍ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസും സി.പി.എമ്മും രംഗത്തെത്തി. കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ ബി.ജെ.പി കുറച്ചുകൂടി പക്വത കാണിക്കണമെന്ന് ഇരുകക്ഷികളും ആവശ്യപ്പെട്ടു. ലോക്ഡൗണും കൊവിഡ് പ്രശ്‌നവും കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം വരുത്തിയ വീഴ്ചയുടെ ഫലമാണ് കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്നത്. നിരവധി പേര്‍ മരിച്ചുവീഴുന്നു. ബി.ജെ.പി നേതാക്കള്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. ഞങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നതിനു മുന്‍പ് ദിലീപ് ഘോഷ് കുറച്ചുകൂടി പക്വതയോടെ സംസാരിക്കണമെന്ന് ടി.എം.സി നേതാവും എംപിയുമായ സൗഗത റോയ് പറഞ്ഞു.
ബി.ജെ.പിയുടെ ഭരണകാലത്ത് എല്ലാം നന്നായി മാത്രമേ സംഭവിക്കൂവെന്ന ചിന്തയാണ് ദിലീപ് ഘോഷിനെന്ന് സി.പി.എം പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീം പറഞ്ഞു. മനുഷ്യജീവനെ സംരക്ഷിക്കാന്‍ കഴിവില്ലാത്തവരാണ് ബി.ജെ.പി സര്‍ക്കാരെന്ന് തെളിയിക്കുന്നതാണ് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം. കേന്ദ്രസര്‍ക്കാരുണ്ടാക്കിയ ഈ പ്രശ്‌നം മോശമായി കൈകാര്യം ചെയ്തതില്‍ ബി.ജെ.പി നേതാക്കള്‍ ലജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.